സിപിഐ നിര്‍വാഹക സമിതി തിരഞ്ഞെടുപ്പ്; ആശങ്കയില്‍ കാനം വിരുദ്ധ പക്ഷം

divakaran

തിരുവനന്തപുരം: മെയ് പതിനഞ്ചിനു നടക്കുന്ന സിപിഐ നിര്‍വാഹക സമിതി തിരഞ്ഞെടുപ്പില്‍ വെട്ടി നിരത്തല്‍ ഭീതിയില്‍ കാനം വിരുദ്ധ പക്ഷം. ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കപ്പെട്ട സി.ദിവാകരനും സി.എന്‍.ചന്ദ്രനും ഉള്‍പ്പെടെയുള്ളവരാണ് ഭീഷണി നേരിടുന്നത്.

തിരുവനന്തപുരം എം.എന്‍.സ്മാരകത്തില്‍ വച്ചാണ് നിര്‍വാഹകസമിതി തിരഞ്ഞെടുപ്പ്. 21 അംഗ നിര്‍വാഹകസമിതിയെ ആണ് പതിനഞ്ചിന് തിരഞ്ഞെടുക്കുക. നിലവിലുണ്ടായിരുന്ന കമ്മിറ്റിയില്‍ ഇരുപതുശതമാനം പേര്‍ ഒഴിയണമെന്നാണ് വ്യവസ്ഥ. കുറഞ്ഞത് നാലുപേരെങ്കിലും സമിതിയില്‍ നിന്ന് ഒഴിവാകും.

കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കിയത് അപ്രതീക്ഷിതമായിരുന്നു. കെ.ഇ.ഇസ്മയിലിന്റെ വിശ്വസ്തരായ സി.എന്‍.ചന്ദ്രനേയും കമലാ സദാനന്ദനേയും ഒഴിവാക്കിയിരുന്നു. ഇതിന്റെ തനിയാവര്‍ത്തനം നിര്‍വാഹകസമിതി തിരഞ്ഞെടുപ്പിലുമുണ്ടാകുമോ എന്ന ആശങ്കയാണ് സി.പി.ഐയില്‍.

സി.ദിവാകരനും സി.എന്‍.ചന്ദ്രനുമാണ് ഭീഷണി നേരിടുന്ന നേതാക്കള്‍. എന്നാല്‍ ഇവരെ സംസ്ഥാന നിര്‍വാഹകസമിതിയില്‍ നിലനിര്‍ത്തണമെന്ന സമ്മര്‍ദം ശക്തമാണ്. ആവശ്യമെങ്കില്‍ ദേശീയനേതൃത്വത്തിന്റെ ഇടപെടലും ഇസ്മയില്‍ വിഭാഗം ആവശ്യപ്പെട്ടേക്കും. കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ വെളിയം രാജന്‍ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാകുമെന്ന് ഉറപ്പാണ്. ഇതിനുപുറമെ പുറത്തുപോകുന്നവരില്‍ തങ്ങളുടെ പേര് ഇല്ലെന്ന് ഉറപ്പാക്കാനുള്ള തത്രപ്പാടാണ് കാനം വിരുദ്ധക്യാംപില്‍.

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ദേശീയ കൗണ്‍സിലിലെത്തിയ എന്‍.അനിരുദ്ധന്‍, പി.വസന്തം എന്നിവര്‍ നിര്‍വാഹക സമിതിയുടെ ഭാഗമാകും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍ തുടങ്ങിയവരും സാധ്യതാപ്പട്ടികയിലുണ്ട്. അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ.പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും തുടരുമെന്നാണ് സൂചന.

Top