ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവന; ഇ എസ് ബിജിമോളോട് വിശദീകരണം തേടും

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ നേതൃത്വത്തിനെതിരായ പ്രസ്താവനയിൽ മുൻ എംഎൽഎ ഇ എസ് ബിജിമോളോട് വിശദീകരണം തേടും. സിപിഐ ഇടുക്കി ജില്ലാ കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഏത് സാഹചര്യത്തിൽ ആണ് പ്രസ്താവന എന്ന് ബിജിമോൾ വിശദീകരിക്കണം. തന്നെ ജില്ലാ സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു ബിജിമോളുടെ വിമർശനം. പാർട്ടിയിൽ പുരുഷധിപത്യം ആണെന്നും ബിജിമോൾ വിമർശിച്ചിരുന്നു.

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ വിമർശനവുമായി ഇ എസ് ബിജിമോൾ രംഗത്തെത്തിയത്. പാർട്ടിയിൽ പുരുഷാധിപത്യമാണ് ഇപ്പോഴുമുള്ളത്. ഒരു ജില്ലയിൽ വനിത സെക്രട്ടറി വേണമെന്ന തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചു എന്നായിരുന്നു വിമർശനം. അതേസമയം, ബിജിമോൾക്ക് എല്ലാം നൽകിയ പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത് ദൗർഭാഗ്യകരമായിപോയെന്ന് സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ പറഞ്ഞു.

Top