ശബരിമല യുവതീപ്രവേശനം; പട്ടികയിലെ പിഴവിനെതിരെ കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന പട്ടികയിലെ പിഴവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സംഭവത്തില്‍ സര്‍ക്കാരിനാണ് പൂര്‍ണ ഉത്തരവാദിത്തമെന്നും കയറിയവരുടെ പട്ടിക ഓഫീസിലല്ല ഉള്ളതെന്നും കാനം പറഞ്ഞു.

അതേസമയം, ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. പട്ടിക നല്‍കിയത് ദേവസ്വം വകുപ്പല്ലെന്നും പിഴവുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍, ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. ശബരിമലയില്‍ കയറിയ 51 യുവതികളുടെ പട്ടികയില്‍ 50 വയസിന് മുകളിലുള്ളവരും പുരുഷന്‍മാരും ഉള്‍പ്പെട്ടത് വലിയ നാണക്കേടായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്.

പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കാതെ യുവതികളുടെ പട്ടിക പ്രിന്റെടുത്ത് നല്‍കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Top