സിപിഐ അനുഭാവികള്‍ പാര്‍ട്ടിക്ക് വിവാഹസംഭാവന നല്‍കണമെന്ന് നിര്‍ദ്ദേശം

cpi

കൊല്ലം: വീട്ടില്‍ നടക്കുന്ന വിവാഹത്തിന് സിപിഎം ഇനി പാര്‍ട്ടിക്ക് സംഭാവന നല്‍കണമെന്ന് നിര്‍ദേശം.പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. മുന്‍പ് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വിവാഹസംഭാവന സ്വീകരിക്കുന്നത് പതിവായിരുന്നു. പിന്നീട് പാര്‍ട്ടികളുടെ സാമ്പത്തികസ്ഥിതി മെച്ചമായതോടെ വേണ്ടെന്നുവച്ചിരുന്നു.

പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വേണ്ടപ്പെട്ടവരുടെ വിവാഹത്തിന് അവര്‍ കാര്യമായി ചെലവുചെയ്യുന്നുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. വിവാഹവേളയില്‍ പാര്‍ട്ടിക്ക് ഒരു തുക സംഭാവനതരുന്നതില്‍ അവര്‍ക്ക് സന്തോഷമേ ഉണ്ടാകൂവെന്നും നേതാക്കളാണ് സംഭാവന ചോദിക്കുന്നതെങ്കില്‍ അവര്‍ കാര്യമായ തുക നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

അതേസമയം, സംഭാവനയായി വലിയ തുക വാങ്ങേണ്ടതെപ്പോഴാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി കെട്ടിടനിര്‍മാണം, വലിയ സമ്മേളനങ്ങള്‍, റാലികള്‍ എന്നിവയ്ക്ക് വ്യക്തികളില്‍നിന്ന് വലിയ തുക സംഭാവനയായി വാങ്ങാം. പലവട്ടം ഒരേ ആളിനെ സംഭാവനയ്ക്ക് ആശ്രയിക്കരുതെന്നും അല്ലെങ്കില്‍ അവര്‍ക്ക് എതിര്‍പ്പ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പാര്‍ട്ടി അംഗങ്ങള്‍ വീട്ടില്‍ ഹുണ്ടികവെച്ച് പണമിട്ടാലും പാര്‍ട്ടിക്കു വേണ്ട തുകകിട്ടും. പാര്‍ട്ടി അംഗങ്ങള്‍ വരുമാനത്തിന്റെ ഒരു ശതമാനം നിര്‍ബന്ധമായും ലെവിയായി നല്‍കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിപ്പോള്‍ നല്‍കുന്നില്ലെന്ന കുറ്റപ്പെടുത്തലുമുണ്ട്. കേരളം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പാര്‍ട്ടി ഈ നിര്‍ദേശം പാലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

എല്ലാ സംസ്ഥാനങ്ങളും പിരിവിന്റെ 10 ശതമാനം കേന്ദ്രനേതൃത്വത്തിന് നല്‍കണമെന്നും ദേശീയ എക്സിക്യുട്ടീവ് അംഗങ്ങള്‍ കുറഞ്ഞത് 25 വ്യക്തികളില്‍നിന്നും ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ കുറഞ്ഞത് 10 വ്യക്തികളില്‍നിന്നും സംഭാവന സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

പാര്‍ട്ടി അംഗങ്ങള്‍ മിക്കവരും തിരഞ്ഞെടുപ്പു പ്രവര്‍ത്തനം ഗൗരവമായെടുക്കുന്നില്ലെന്നും എല്ലാം ഒരു ചടങ്ങുപോലെ നടത്തുകയാണെന്നും വോട്ടര്‍മാരുടെ അടുത്ത് പാര്‍ട്ടിസന്ദേശം എത്തുന്നുമില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കുന്നതിനായി വര്‍ഗ ബഹുജന സംഘടനകളുടെ സബ് കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നും അതത് സബ് കമ്മിറ്റികള്‍ അവരുടെ മേഖലയിലെ വിഷയങ്ങളില്‍ ശില്പശാലകളും മറ്റും നടത്തണമെന്നും പറയുന്നു. നവമാധ്യങ്ങളും പാര്‍ട്ടിപ്രചാരണത്തിന് ഉപയോഗിക്കണം. പാര്‍ട്ടി ബ്രാഞ്ചുകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും എല്ലാ വര്‍ഷവും ബ്രാഞ്ച് സമ്മേളനം ചേരുകയും വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

Top