തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ കൈയേറ്റക്കാരുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഒത്തുതീര്‍പ്പുണ്ടാക്കുന്ന നിലപാട് മറിച്ച് കുടിയേറ്റ കര്‍ഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നയമാണ് എല്‍ഡിഎഫിന്റേതെന്നും കാനം വ്യക്തമാക്കി.
മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസില്‍ സിപിഐ കക്ഷി ചേരുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനല്ല. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി. പ്രസാദ് കേസില്‍ കക്ഷി ചേര്‍ന്നത്. മുമ്പും ജനങ്ങളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സിപിഐ കക്ഷി ചേര്‍ന്നിട്ടുള്ളതാണ്. മൂന്നാര്‍ വിഷയത്തില്‍ മാത്രം അത് വിവാദമാക്കാന്‍ ശ്രമിക്കുന്നത് കയ്യേറ്റ മാഫിയയെ സഹായിക്കാനാണെന്നും കാനം ചൂണ്ടിക്കാട്ടി.