cpi newspaper janayugam against chief minister pinarayi vijayan

pinarayi-vijayan1-jpg-image_-784-4101

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം.

പത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് പിണറായിയുടെ നിലപാടുകളെ സിപിഐ വിമര്‍ശിക്കുന്നത്.

സര്‍ സി പി ചെയ്തതെല്ലാം ശരിയെങ്കില്‍ പുന്നപ്രവയലാര്‍ രക്തസാക്ഷികളെ… എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ രൂക്ഷമായ വിമര്‍ശനമാണുള്ളത്. ഏതോ ഒരു പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ച നടരാജപിള്ള ആരായിരുന്നുവെന്ന് ജനയുഗം ഓര്‍മ്മിപ്പിക്കുന്നു.

സമരം തീര്‍ക്കാന്‍ ബാധ്യസ്ഥനായ വിദ്യാഭ്യാസ മന്ത്രി സമരസമിതിനേതാക്കളായ വിദ്യാര്‍ഥികളുടെയും മാനേജ്‌മെന്റിന്റെയും യോഗത്തില്‍ കൈക്കൊണ്ട നിലപാട് മാനേജ്‌മെന്റിന്റെയും ഒറ്റുകാരായ എസ്എഫ്‌ഐയുടെയും മെഗാഫോണ്‍ പോലെയായതു നിര്‍ഭാഗ്യകരമാണ്.

എസ്എഫ്‌ഐയെ ഒറ്റുകാരെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്ന് ആരും മറക്കരുതെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു.

ലോ അക്കാദമിക്ക് കൃഷിമന്ത്രിയായിരുന്ന എം.എന്‍.ഗോവിന്ദന്‍ നായര്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ട്രസ്റ്റിന് ഉദ്ദേശകാരണങ്ങള്‍ വിശദീകരിച്ചു നല്‍കിയ ഭൂമി, കുടുംബസ്വത്തായതും ആ ഭൂമിയില്‍ അനധികൃതനിര്‍മാണങ്ങള്‍ നടത്തിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ റവന്യു വകുപ്പ് അന്വേഷണം നടത്തുന്നതിനിടയില്‍ സര്‍ സിപി പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അനൗചിത്യമായിപ്പോയി.

റവന്യു വകുപ്പെന്താ പിണറായി സര്‍ക്കാരിന്റെ ഭാഗമല്ലേ എന്ന ചോദ്യം സംഗതമാവുന്നതും ഇവിടെയാണ്. സര്‍ സിപിയുടെ ഏകാധിപത്യ വാഴ്ചയിലെ തെറ്റുകള്‍ വൈകിയായാലും തിരുത്താന്‍ നിമിത്തമായത് ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരമാണ്.

അതിനുപകരം സിപിയുടെ തെറ്റുതിരുത്തില്ലെന്ന ചിലരുടെ വാശിയെ അപലപനീയവും ഗര്‍ഹണീയവുമായാണ് പൊതു സമൂഹം കാണുന്നതെന്ന് മുഖപത്രത്തില്‍ എഴുതിയിരിക്കുന്നു.

ചരിത്രത്തിന്റെ അന്തര്‍ധാരകളറിയാതെ, ചരിത്രം ചമച്ച ധീരരക്തസാക്ഷികളെ മറന്ന് ചരിത്ര പുരുഷന്മാരെ ഏതോഒരാളെന്ന് വിശേഷിപ്പിക്കുന്നതില്‍ വിപ്ലവ കേരളത്തിന് മഹാദുഃഖമുണ്ട്. ആ ദുഃഖത്തിന് നീതിനിരാസത്തില്‍ നിന്നു പടരുന്ന രോഷത്തിന്റെ അലുക്കുകളുണ്ട്.

നിയമകലാലയം സര്‍ക്കാര്‍ നിയന്ത്രണത്തോടെ നടത്താന്‍ നല്‍കിയ ഭൂമി ഒരു തറവാട്ടുസ്വത്താക്കുക, അതിന്റെ ഒരരകില്‍ ഒരു നിയമവിരുദ്ധ കലാലയം സ്ഥാപിക്കുക, ബാക്കി ഭൂമിയില്‍ തറവാടുഭവനങ്ങള്‍ പണിയുക പിന്നെ വില്ലാശിപായി നാണുപിള്ള സ്മാരക തട്ടുകട, പാര്‍വത്യാര്‍ പപ്പുപിള്ള വിലാസം പുട്ടുകട, ലക്ഷ്മിക്കുട്ടി വിലാസം പാചകസര്‍വകലാശാല, കൈരളി ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് തിരുമല്‍ കേന്ദ്രം എന്നിവ തുടങ്ങുക ഇതെല്ലാം അനുവദിക്കാന്‍ കേരളമെന്താ ഒരു ബനാനാ റിപ്പബ്ലിക് ആണോ?.

‘ഞാനും ഞാനും എന്റെ നാല്‍പതുപേരും’ എന്ന ഒരു മാടന്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്ന് ഓര്‍ക്കണമെന്നും ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്നത് ആരും മറക്കരുതെന്നും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു.

Top