CPI needs five minister posts

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ വേളയില്‍ അഞ്ചു മന്ത്രിസ്ഥാനം വേണമെന്ന് സി.പി.ഐ. നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ആവശ്യമുന്നയിക്കും.

തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ജലസേചനം. പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ വേണമെന്നും സി.പി.ഐ ആവശ്യപ്പെടും. കഴിഞ്ഞ വി.എസ് സര്‍ക്കാരില്‍ നാല് മന്ത്രിസ്ഥാനമാണ് സി.പി.ഐയ്ക്കുണ്ടായിരുന്നത്. മുല്ലക്കര രത്‌നാകരന്‍ (കൃഷി),കെ.പി. രാജേന്ദ്രന്‍ (റവന്യൂ), ബിനോയ് വിശ്വം (വനം,ഭവനനിര്‍മ്മാണം), സി.ദിവാകരന്‍ (ഭക്ഷ്യസിവില്‍ സപ്ലെസ്, മൃഗസംരക്ഷണം) എന്നീ വകുപ്പുകളായിരുന്നു അത്.

2011ല്‍ 13 എം.എല്‍.എമാരാണ് സി.പി.ഐക്കുണ്ടായിരുന്നത്. ഇത്തവണ അത് പത്തൊമ്പതായി. മാത്രമല്ല, ലീഗിനെ മറികടന്ന് നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷിയും സി.പി.ഐ ആവുകയും ചെയ്തു. സിറ്റിംഗ് എം.എല്‍.എമാരില്‍ 13ല്‍ 12 പേരും വിജയിച്ചതും കണക്കിലെടുക്കണമെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെടും.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് ജയിച്ച ഇ.ചന്ദ്രശേഖരനാണ് മന്ത്രിയാവാന്‍ പരിഗണിക്കപ്പെടുന്നവരില്‍ മുമ്പിലുള്ളത്. വി.എസ്.സുനില്‍ കുമാര്‍, പി.തിലോത്തമന്‍, സി.ദിവാകരന്‍, ഇ.എസ്.ബിജിമോള്‍, കെ.രാജന്‍ എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. മന്ത്രിമാരെ നിര്‍ദേശിക്കാന്‍ ഓരോ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

Top