കെ ഇ ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടിയില്ലെന്ന് സിപിഐ ദേശീയ നിര്‍വാഹകസമിതി

ന്യൂഡല്‍ഹി : പാര്‍ട്ടി നിലപാടിനെതിര പ്രസ്താവന നടത്തിയ കെ ഇ ഇസ്മയിലിനെതിരെ തല്‍ക്കാലം നടപടിയില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി.

സിപിഐ ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്ന വിഷയമാണ്. വേണമെങ്കില്‍ ജനുവരി 8ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

സിപിഐഎമ്മുമായുള്ള പ്രശ്‌നം കേരളത്തില്‍ തന്നെ പരിഹരിക്കുമെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

താന്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ സംസാരിച്ചില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഇസ്മായില്‍ നേരത്തെ പറഞ്ഞിരുന്നു.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് എം.പി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി ശുപാര്‍ശ ചെയ്തിട്ടാണെന്നായിരുന്നു കെ.ഇ.ഇസ്മായില്‍ പറഞ്ഞത്.

സിപിഐ ലോക്കല്‍, മണ്ഡലം, ജില്ലാ സെക്രട്ടറിമാരുടെ ശുപാര്‍ശ കത്തോടുകൂടിയുള്ള അപേക്ഷ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പുരുഷോത്തമനാണ് തനിക്ക് നല്‍കിയതെന്നും അതിനാണ് ഫണ്ട് അനുവദിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്മായില്‍ പറഞ്ഞു.

ചാണ്ടിയുടെ റിസോര്‍ട്ടില്‍ ഇതുവരെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ശക്തമായി എതിര്‍ക്കുന്ന സിപിഐയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഇസ്മായിലിന്റെ തുറന്നുപറച്ചില്‍.

Top