ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐയും

കോഴിക്കോട്: സിപിഎമ്മിന് പിന്നാലെ രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് സിപിഐയും. ‘ജോഡോ’ എന്നതിന്റെ അർത്ഥം ഒന്നിപ്പിക്കുകയെന്നാണെന്നും രാഹുൽ ഗാന്ധി ആദ്യം ഒന്നിപ്പിക്കേണ്ടത് കോൺഗ്രസിനെയാണെന്നും ബിനോയ് വിശ്വം എംപി പരിഹസിച്ചു. ഗാന്ധിയൻ മൂല്യങ്ങളെ കോൺഗ്രസ് നശിപ്പിച്ചു. രാഹുലിന്റെ യാത്ര ഒരുവശത്ത് നടക്കുമ്പോൾ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.

യാത്രയെ പരിഹസിച്ചും വിമർശിച്ചും നേരത്തെ ബിജെപിക്കൊപ്പം സിപിഎമ്മും രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ബിജെപിക്കെതിരെയെന്ന പേരിൽ നടത്തുന്ന യാത്രക്കെന്തിനാണ് കേരളത്തിൽ 17 ദിവസമെന്ന ചോദ്യമാണ് സിപിഎം ഉയർത്തുന്നത്. ബിജെപി ഭരിക്കുന്ന യുപിയിൽ രണ്ട് ദിവസം മാത്രമേ ഭാരത് ജോഡോ യാത്രയുള്ളൂ എന്നതും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെയാണ് സിപിഐയും കോൺഗ്രസ് യാത്രയെ പരിഹസിച്ച് രംഗത്തെത്തുന്നത്.

 

Top