സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമൊഴിവാക്കാൻ ശ്രമം. അതേസമയം സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻപത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് ഇക്കുറി അഞ്ച് അംഗങ്ങൾ അധികമുണ്ട്. ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കൊല്ലത്തും തൃശ്ശൂരിലുമടക്കം സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നതിന് മത്സരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. അതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോയെന്നത് സംസ്ഥാന കൗൺസിലിലെ അംഗബലമാണ് തീരുമാനിക്കുക.

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. അതിനിടെ പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രൻ പക്ഷം മുന്നോട്ട് പോവുകയാണ്. സി ദിവാകരനും കെ ഇ ഇസ്മയിലിനും എതിരെ സമ്മേളത്തിൽ ഉയർന്ന രൂക്ഷ വിമർശനം വിമത നീക്കങ്ങൾ പ്രതിസന്ധിയിലാക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിന് ഇറങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്.

പരസ്യ പ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ഇതിനകം ആവശ്യം ശക്തമായിട്ടുണ്ട്. എല്ലാം സൗഭാഗ്യവും ലഭിച്ച മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്നായിരുന്നു കുറ്റപ്പെടുത്തൽ.

Top