കലക്ടറാണ് ശരി, പി.വി. അന്‍വറിന്റെ നടപടി അംഗീകരിക്കാനാവില്ല; സിപിഐ

തിരുവനന്തപുരം: നിലമ്പൂരില്‍ ആദിവാസി വീടുനിര്‍മാണം തടഞ്ഞ പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ സിപിഐ രംഗത്ത്. ആദിവാസി വീടുനിര്‍മാണം തടഞ്ഞ പി.വി. അന്‍വറിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും അന്‍വറിന്റെ നടപടിയെ എതിര്‍ത്ത കലക്ടറാണ് ശരിയെന്നും സിപിഐ ജില്ലാ നേതൃത്വം പറഞ്ഞു. കലക്ടറെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചു.

പ്രളയ കാലത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണമുന്നയിച്ച നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക് രംഗത്തെത്തിയിരുന്നു. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പി.വി.അന്‍വര്‍ വഴിവിട്ട കാര്യങ്ങള്‍ക്കു നിര്‍ബന്ധിക്കുന്നുവെന്ന് കലക്ടര്‍ വെളിപ്പെടുത്തി. പുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സര്‍ക്കാര്‍ ഫണ്ട് ചെലവിട്ടു വാങ്ങാന്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നുവെന്നും കലക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിനെ തള്ളി കലക്ടറെ അനുകൂലിച്ച് സിപിഐ രംഗത്ത് വന്നത്.

കവളപ്പാറയിലെ ദുരന്തത്തിലെ ഇരകള്‍ക്കായി ഒന്നും ചെയ്യാതെ ജില്ലാ കലക്ടര്‍ സ്വന്തം നിലക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും ആരോപിച്ച് എം.എല്‍.എ പ്രതിഷേധം സംഘടിപ്പിച്ചിതിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ രംഗത്തെത്തിയത്.

Top