എ.വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐഎം

പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച എ വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഎം. ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സിപിഐഎം ജില്ലാ കമ്മിറ്റി പ്രസ്താവന:

മുന്‍ ഡി.സി.സി പ്രസിഡന്റും മുന്‍ എം.എല്‍.എയുമായിരുന്ന ശ്രീ.എ.വി.ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവാണ്. ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കുന്നതിന് ആത്മാര്‍ത്ഥതയോടുകൂടി പ്രവര്‍ത്തിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നതുകൊണ്ടും കോണ്‍ഗ്രസ്സിന്റെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും കോണ്‍ഗ്രസ്സില്‍ അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ നിന്നും മനസ്സിലാക്കുന്നത്.

ജനതാല്‍പ്പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ്സ് മാറികഴിഞ്ഞു. തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് കപ്പലില്‍ നിന്ന് കപ്പിത്താന്‍ ആദ്യം തന്നെ കടലില്‍ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത ഈ കപ്പലില്‍ നിന്ന് സ്വയം നീന്തി രക്ഷപ്പെടാന്‍ കോണ്‍ഗ്രസ്സിന് വേണ്ടി ദീര്‍ഘകാലം ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ശ്രീ.എ.വി.ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്.

അദ്ദേഹത്തിന്റെ തീരുമാനത്തെ സര്‍വ്വാത്മന സ്വാഗതം ചെയ്യുന്നു. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യ വാദികള്‍ക്കും ഒന്നിച്ചണിനിരക്കാന്‍ കഴിയണം. അതിന് സഹായകരമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

Top