19 സീറ്റും പോയെങ്കിലും കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സി.പി.എം തന്നെ

നീര്‍ക്കോലിക്കും പത്തിവയ്ക്കുന്ന കാലമാണിത്. മൂന്ന് ലോകസഭ അംഗങ്ങളുള്ള മുസ്ലീം ലീഗിനോടാണ് സി.പി.എമ്മിനെ ഒരു വിഭാഗമിപ്പോള്‍ താരതമ്യം ചെയ്യുന്നത്.

സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി പോയെന്നും ഇക്കൂട്ടര്‍ ‘സഹതപിക്കുന്നു’. വാസ്തവ വിരുദ്ധമായ ഈ വിവരങ്ങളാണ് സോഷ്യല്‍ മീഡിയകളിലും ചാനല്‍ ചര്‍ച്ചകളിലും പൊടിപൊടിക്കുന്നത്.

കള്ളം പടച്ചുവിടുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ആരോപണങ്ങളായാലും അതിന് വസ്തുതയുടെ ചെറിയ പിന്‍ബലമെങ്കിലും വേണം. ഒരു തിരിച്ചടിയില്‍ ചുവപ്പ് അസ്തമിച്ചു എന്ന് കരുതരുത്.

ഇപ്പോഴും കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടി സി.പി.എം തന്നെയാണ്. 20-ല്‍ 19 സീറ്റും തൂത്തുവാരിയവരല്ല.

കോണ്‍ഗ്രസ്സിന് ഒറ്റക്ക് നിന്നാല്‍ ജയിക്കാവുന്ന ഒരു മണ്ഡലം പോലും കേരളത്തില്‍ ഇല്ല. മുസ്ലീം ലീഗു പോലും കോണ്‍ഗ്രസ്സ് ഇല്ലാതെ ഒറ്റക്ക് മത്സരിച്ചാല്‍ പൊന്നാനിയിലും മലപ്പുറത്തും വിയര്‍ക്കും. രണ്ടായി മത്സരിച്ചാല്‍ കേരള കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നം കോട്ടയത്തും പൊഴിയും.

യു.ഡി.എഫില്‍ കോണ്‍ഗ്രസ്സിനെ വിറപ്പിച്ച് നിര്‍ത്താന്‍ ശേഷിയുള്ള കരുത്ത് മുസ്ലീം ലീഗിനും കേരള കോണ്‍ഗ്രസ്സിനും ഉണ്ട്. ഇവരില്ലാതെ ഒരു വിജയം ഒരിക്കലും യു.ഡി.എഫിന് സാധ്യമല്ല.

എന്നാല്‍ ഇടതുപക്ഷത്തിന്റെ അവസ്ഥ നിങ്ങള്‍ ഒന്നു പരിശേധിക്കു. അവിടെ ജനപിന്തുണയുള്ള എത്ര ഘടകകക്ഷികള്‍ സി.പി.എമ്മിനുണ്ട് ?

സി.പി.ഐ ആണ് മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടി . ഒറ്റക്ക് നിന്നു മത്സരിച്ചാല്‍ ഒരു പഞ്ചായത്തില്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചെന്ന് വരില്ല. തൃശൂര്‍, കൊല്ലം, ഇടുക്കി ജില്ലകളിലാണ് അല്പമെങ്കിലും സ്വാധീനം ഉള്ളത്.

മറ്റു ഘടകകക്ഷികളെല്ലാം വെറും പടമാണ്.ഒരു സ്വാധീനവും തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവര്‍ക്ക് ചെലുത്താന്‍ കഴിയില്ല.

ഒരു മുന്നണി സംവിധാനം ആകുമ്പോള്‍ ചെയ്യേണ്ട വിട്ടുവീഴ്ചകള്‍ പരമാവധി ചെയ്തത് കൊണ്ടാണ് ഈ ആളില്ലാ പാര്‍ട്ടികളെ സി.പി.എമ്മിന് ചുമക്കേണ്ടി വരുന്നത്.

ഇപ്പോള്‍ മന്ത്രിസഭയിലുള്ള എന്‍.സി.പി, കോണ്‍ഗ്രസ്സ് (എസ്) , ജെ.ഡി.എസ് എന്നീ പാര്‍ട്ടികളുടെ അവസ്ഥ തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. അപ്പോള്‍ അറിയാം ആ പാര്‍ട്ടികളുടെ ജന പിന്തുണ.

ഒറ്റക്ക് നിന്നാല്‍ കേരളത്തില്‍ ഇപ്പോഴും വലിയ വിജയം നേടാന്‍ കഴിയുക സി.പി.എമ്മിനു തന്നെയാണ്.

ഒരു തിരഞ്ഞെടുപ്പിലെ തിരിച്ചടി കൊണ്ട് തകരുന്ന സംഘടനാ സംവിധാനമല്ല സി.പി.എമ്മിന്റേത് . ഏത് മേഖല എടുത്താലും അവിടെയെല്ലാം സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകളാണ് ഒന്നാമത്. അത് വിദ്യാര്‍ത്ഥി, യുവജന, തൊഴിലാളി സംഘടനാ രംഗങ്ങളില്‍ പ്രകടവുമാണ്.

കേരളത്തില്‍ യു.ഡി.എഫ് സുനാമി ആഘോഷിക്കുന്നവര്‍ ഇനി നടക്കാനിരിക്കുന്ന 6 നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിലും വിജയിച്ച് കാണിക്കണം. അപ്പോള്‍ സമ്മതിക്കാം സുനാമിയാണെന്ന്.

ഇടതുപക്ഷത്തിന്റെ കൈവശമുള്ള അരൂര്‍ ഒഴികെ മറ്റെല്ലായിടത്തും നിലവില്‍ സിറ്റിംങ് എം.എല്‍.എ മാര്‍ യൂ.ഡി.എഫിന്റേതാണ്. ഇപ്പോഴത്തെ ‘തരംഗം’ മുന്‍ നിര്‍ത്തി വലിയ ഭൂരിപക്ഷത്തിന് അവര്‍ അവിടെ ജയിക്കണം.

സിപിഎമ്മിന്റെ കൈവശമുള്ള അരൂര്‍ പിടിച്ചെടുക്കുകയും വേണം. ഇനി അരൂരില്‍ ജയിച്ചില്ലങ്കിലും സിറ്റിംഗ് സീറ്റുകളെങ്കിലും നിലനിര്‍ത്തണം. അതിനും കഴിഞ്ഞില്ലങ്കില്‍ യു.ഡി.എഫിന്റെ ഒരു അവകാശവാദവും നിലനില്‍ക്കില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി മതപരമായ ചില വികാരങ്ങളും ആശങ്കകളും വോട്ടാക്കി മാറ്റാന്‍ യു.ഡി.എഫിനു കഴിഞ്ഞു. സംഘപരിവാര്‍ വിതച്ചത് യു.ഡി.എഫ് കൊയ്തു എന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രീയ പോരാട്ടമല്ല ഇവിടെ നടന്നത്. അതു കൊണ്ട് തന്നെ സര്‍ക്കാരിന്റെ ജനകീയ പദ്ധതികളൊന്നും ഏശിയതുമില്ല, എങ്കിലും തോല്‍വി തോല്‍വി തന്നെയാണ്.

ഇക്കാര്യം സി.പി.എം പരിശോധിക്കേണ്ടത് തന്നെയാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. അതിന് ആ പാര്‍ട്ടി തയ്യാറാകും എന്നു തന്നെയാണ് കരുതുന്നത്.

ഇനി തമിഴ് നാട്ടിലെ കാര്യം കൂടി ഒന്നു പരിശോധിക്കണം. അവിടെ ഡി.എം.കെ മുന്നണിയിലാണ് സി.പി.എം മത്സരിച്ചത്.ആ മുന്നണിയില്‍ കോണ്‍ഗ്രസ്സും ലീഗും ഉണ്ടായിരുന്നു.

സംഘ പരിവാറിന്റെ ഭീഷണി ചെറുക്കാന്‍ അവിടെ പ്രതിപക്ഷ സഖ്യം സാധ്യമായി. ഇടതുപാര്‍ട്ടികളും ഡി.എം.കെയും അവിടെ ചെയ്ത വിട്ടുവീഴ്ച എത്ര സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് ചെയ്തു ? യു.പിയിലും ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും പ്രതിപക്ഷ സഖ്യം തകര്‍ത്തത് തന്നെ കോണ്‍ഗ്രസ്സാണ്. ഇക്കാര്യം മറക്കരുത്. തമിഴകത്ത് ഇപ്പോള്‍ സി.പി.എം വിജയിച്ച കോയമ്പത്തൂര്‍ മധുര മണ്ഡലങ്ങളില്‍ മുന്‍പ് നിരവധി തവണ സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്.

സി.പി.എമ്മിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും നല്ല അടിത്തറയുള്ള മണ്ഡലങ്ങളാണ് ഇവ രണ്ടും. ലീഗിന് ഭാഗ്യത്തിന് വീണ് കിട്ടിയ പോലെയുള്ള വിജയമല്ല അത്. അര്‍ഹതപ്പെട്ട വിജയം തന്നെയാണ്. ഒരു താരതമ്യത്തിന് പോലും ഇവിടെ പ്രസക്തിയില്ല.

യഥാര്‍ത്ഥത്തില്‍ കൈമോശം വരുമായിരുന്ന ദേശീയ പാര്‍ട്ടി പദവി ഇപ്പോഴാണ് സി.പി.എം തിരിച്ചു പിടിച്ചിരിക്കുന്നത്. 2016 ന് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ഇളവ് പ്രകാരമാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാതിരുന്നിരുന്നത്. ഇപ്പോള്‍ തമിഴ് നാട് അടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആ അര്‍ഹത സിപിഎം നേടിക്കഴിഞ്ഞു.

ഇനി ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇളവുകളും ചെമ്പടക്ക് ആവശ്യമില്ല. അത് കൊണ്ട് സി.പി.എമ്മിന് അരിവാള്‍ ചുറ്റിക നക്ഷത്രം നഷ്ടമായി എന്ന് കരുതി ആരും മനകോട്ടകെട്ടേണ്ട.. പൊന്നരിവാള്‍ ചെങ്കൊടിയില്‍ തന്നെ പാറി പറക്കും.

Express kerala view

Top