സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും

കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. സമ്മേളന നടപടികള്‍ വിലയിരുത്താന്‍ രാവിലെ പൊളിറ്റ്ബ്യൂറോ സെക്രട്ടറിയേറ്റ് യോഗങ്ങള്‍ ചേരും. പുതിയ സംസ്ഥാന സമിതി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചേക്കും. പുതിയ സംസ്ഥാന സെക്രട്ടറിയേയും ഇന്ന് പ്രഖ്യാപിക്കും.

സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരുമെന്നാണ് വിവരം.സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്റേത് ഇത് മൂന്നാം ഊഴമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങളെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, കടകംപള്ളി സുരേന്ദ്രന്‍, സി കെ രാജേന്ദ്രന്‍ എന്നിവര്‍ പരിഗണനയിലുണ്ട്. എന്നാല്‍ പി ജയരാജന്റെ പേര് ചര്‍ച്ചയില്‍ ഇല്ലെന്നാണ് പുറത്തു വരുന്ന വിവരം.

75 വയസ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കിയാല്‍ എം എം മണിയും ആനത്തലവട്ടം ആനന്ദനുമടക്കം അഞ്ച് പേര്‍ ഒഴിവാകും. സമിതിയിലേക്ക് എം സ്വരാജിന്റേയും ടിവി രാജേഷിന്റേയും പേര് ചര്‍ച്ചയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിലും കാര്യമായ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. എ എ റഹീമിനും, വിപി സാനുവിനും സംസ്ഥാന കമ്മിറ്റിയിലേക്കെത്തുമെന്നാണ് സൂചന.

വികസന നയരേഖയില്‍ നടന്ന പൊതു ചര്‍ച്ചയ്ക്കുള്ള മറുപടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നല്‍കും. സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിച്ച വികസന നയരേഖ പാര്‍ട്ടി ഒറ്റകെട്ടായി അംഗീകരിച്ചു. ദീര്‍ഘകാല ഭരണ തുടര്‍ച്ച ഉറപ്പുവരുത്തുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വികസന നയരേഖ. ഇന്ന് വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Top