സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കണ്ണൂരില്‍ ചേരാനിരിക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചര്‍ച്ചചെയ്യാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. ബിജെപിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള മമത ബാനര്‍ജിയുടെ നീക്കത്തില്‍ സ്വീകരിക്കേണ്ട നിലപാട് നിര്‍ണായകമാകും.

സംസ്ഥാന സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും ദേശീയതലത്തില്‍ ബിജെപിക്കെതിരായ പൊതുവിഷയങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്ന ധാരണയുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിക്കേണ്ട അടവ് നയം രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. പ്രതിപക്ഷ ഐക്യനീക്കത്തോട് കേരളഘടകത്തിന് എതിര്‍പ്പില്ല. ബംഗാളിലെ ചില മുതിര്‍ന്ന നേതാക്കളും അനുകൂലമായി പ്രതികരിച്ചിരുന്നു.

ലഖിംപുര്‍ ഖേരി സംഘര്‍ഷവും കര്‍ഷകപ്രക്ഷോഭവും ദേശീയരാഷ്ട്രീയ സാഹചര്യങ്ങളും പിബിയുടെ അജണ്ടയിലുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. യുപിയും പഞ്ചാബും അടക്കം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും പിബിയുടെ പരിഗണനയ്ക്ക് വരും.

Top