സക്കീറിനെതിരെ വാളെടുത്തവരെ വെട്ടിലാക്കി, സി.പി.ഐ.എം നേതൃത്വം !

സി.പി.എം രാഷ്ട്രീയത്തില്‍ ഒരു കാലത്ത് വിഭാഗീയതയുടെ വിളനിലമായ ജില്ലയാണ് എറണാകുളം. ആ പഴയ കാലത്തേക്ക് വീണ്ടും പാര്‍ട്ടിയെ കൊണ്ടു പോകാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ഏത് കൊമ്പത്തെ ആളുകളായാലും നടപടി എടുത്ത് പുറത്താക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറാകണം. സി.പി.എം മുന്‍ കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത് ആരായാലും അവര്‍ ചെങ്കൊടിയുടെയും ശത്രുക്കളാണ്. പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശം നടക്കുന്ന ദിവസം തന്നെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് ഏറെ ഗൗരവകരമാണ്.

സി.പി.എമ്മിന്റെ ഒരു ഏരിയാ സെക്രട്ടറിയെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ വാര്‍ത്ത പോലെ ബ്രേക്കിങ്ങായി മാധ്യമങ്ങള്‍ നല്‍കിയതിന് പിന്നിലെ താല്‍പ്പര്യവും പരിശോധിക്കപ്പെടേണ്ടതാണ്. അതായത് കൃത്യമായ ആസൂത്രണമാണ് ഇതു സംബന്ധമായി തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടന്നിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ ചെങ്കൊടിക്ക് നേരെ നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണിത്. ഇതിന് വഴിമരുന്നിട്ടിരിക്കുന്നത് ചുവപ്പിനുള്ളിലെ പുഴുക്കുത്തുകള്‍ ആണെന്നത് മാത്രമാണ് വിരോധാഭാസമായിട്ടുള്ളത്. അതീവ രഹസ്യ സ്വഭാവമുള്ള അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവം സി.പി.എം സംസ്ഥാന നേതൃത്വത്തെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സക്കീര്‍ ഹുസൈന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഡിസംബറില്‍ പൂര്‍ത്തിയാകാനിരിക്കെ സസ്‌പെന്‍ഷന് ആധാരമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് ‘ഹിഡന്‍’ അജണ്ടയുടെ ഭാഗം തന്നെയാണെന്നാണ് സി.പി.എം സംശയിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ സസ്‌പെന്‍ഷന് കാരണമായ റിപ്പോര്‍ട്ടിന്റെ ആധികാരികതയും നിലവില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സക്കീര്‍ പാര്‍ട്ടിയില്‍ തിരിച്ച് വരുന്നതിനെ ആരോ ഭയക്കുന്നുണ്ടെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പോലും ഇപ്പോള്‍ സംശയിക്കുന്നത്. ഡി.വൈ.എഫ്.ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗം കൂടിയായ സക്കീര്‍ ഹുസൈന്‍ സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി അഗമായിരിക്കെയാണ് അവിഹിത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സക്കീര്‍ ഹുസൈനെതിരായ റിപ്പോര്‍ട്ട് പുറത്ത് വിട്ടതില്‍ സി.പി.എം അണികളും വലിയ രോഷത്തിലാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം അന്വേഷിക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഗൗരവമായ സംഭവമെന്നാണ് റിപ്പോര്‍ട്ട് ചോര്‍ച്ചയെ കുറിച്ച് മുതിര്‍ന്ന നേതാക്കളും പ്രതികരിച്ചിരിക്കുന്നത്.

കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിനെ സംബന്ധിച്ച് അച്ചടക്കം അതിപ്രധാനമാണ്. മുന്‍പ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്കെതിരെ വരെ നടപടിയെടുത്ത പാര്‍ട്ടിയാണിത്. സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരിക്കെ ബി.ടി രണദിവെയെ ബ്രാഞ്ചിലേക്കാണ് തരം താഴ്ത്തിയിരുന്നത്. പിന്നീട് തെറ്റ് തിരുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം വീണ്ടും ജനറല്‍ സെക്രട്ടറിയാവുകയുമുണ്ടായി. പാര്‍ട്ടി നടപടിക്ക് വിധേയരാവുന്ന കേഡര്‍മാര്‍ക്ക് തിരിച്ചു വരവിനുള്ള ആത്മവിശ്വാസം നല്‍കുന്ന സംഭവമാണിത്. ഇ.എം.എസ്, ഇ.കെ നായനാര്‍, വി.എസ് അച്ചുതാനന്ദന്‍, പിണറായി വിജയന്‍, ഇ.പി ജയരാജന്‍, തുടങ്ങി നിരവധി നേതാക്കളും മുന്‍പ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയരായവരാണ്. സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കുകയുണ്ടായി.

കേന്ദ്ര കമ്മറ്റി അംഗമായ എം.എം ലോറന്‍സിനെ എറണാകുളം ഏരിയാ കമ്മറ്റിയിലേക്കാണ് തരം താഴ്ത്തിയിരുന്നത്. എന്നാല്‍ ഇരുവരെയും പിന്നീട് സി.പി.എം സംസ്ഥാന കമ്മറ്റിയിലേക്ക് തിരിച്ചെടുക്കുകയുണ്ടായി. ശിക്ഷാ നടപടിയില്‍ മാത്രമല്ല തെറ്റ് തിരുത്തിയാല്‍ പരിഗണന നല്‍കുന്ന കാര്യത്തിലും വേഗത കാട്ടുന്ന പാര്‍ട്ടിയാണ് സി.പി.എം. ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്ന മറ്റൊരു പാര്‍ട്ടിയും ഇന്ന് രാജ്യത്തില്ല. അതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേകത. സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ സസ്‌പെന്റ് ചെയ്തത് കമ്മിഷന്റെ പല നിഗമനങ്ങളും നേതൃത്വത്തിന് ബോധ്യപ്പെടാത്തത് കൊണ്ടു കൂടിയാണ്. ആറ് മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി ഡിസംബറിലാണ് അവസാനിക്കുന്നത്. സസ്‌പെന്‍ഷന് ആധാരമായ റിപ്പോര്‍ട്ട് പുറത്ത് വിട്ട സംഭവത്തില്‍ അന്വേഷണം കൂടി വരുന്നതോടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടവര്‍ തന്നെയാണ് ശരിക്കും വെട്ടിലാകാന്‍ പോകുന്നത്.

ഓരോ പാര്‍ട്ടി അംഗത്തിന്റെയും സ്ഥാപരജംഗമവസ്തുക്കള്‍, അതില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ്, ഓരോ വര്‍ഷവും അധികമായി ചിലവാക്കിയ പണം, അത് ലഭ്യമായ വഴി, ഇതെല്ലാം സംബന്ധിച്ച് കൃത്യമായി പരിശോധിക്കുന്ന സംവിധാനം നിലവില്‍ സിപിഎമ്മിനുണ്ട്. എല്ലാ വര്‍ഷവും വാര്‍ഷിക സ്റ്റേറ്റ്‌മെന്റും പാര്‍ട്ടി നേതൃത്വം വാങ്ങുന്നുണ്ട്. അത് പരിശോധിക്കാനുള്ള സംവിധാനവും സി.പി.എമ്മിനുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് സക്കീര്‍ ഹുസൈനെതിരെയും പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതി തന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്ന ആക്ഷേപം നിലനില്‍ക്കെ റിപ്പോര്‍ട്ട് കൂടി ചോര്‍ന്നത് പുനരന്വേഷണ സാധ്യതയെ കൂടിയാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Top