ആര്‍എസ്എസും ബിജെപിയും ശബരിമല വിധിയുടെ മറവില്‍ കലാപത്തിന് ശ്രമിച്ചിരുന്നുവെന്ന് കോടിയേരി

kodierii balakrishanan

തിരുവനന്തപുരം : കേരളത്തില്‍ ആര്‍എസ്എസും ബിജെപിയും ശബരിമല വിധിയുടെ മറവില്‍ കലാപത്തിന് ശ്രമിച്ചിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

നേതാക്കന്മാര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്ന തമ്മിലടി ഇക്കാരണത്താലാണ്. കലാപശ്രമം നടക്കാത്തതിന്റെ നിരാശയാണ് ഇതില്‍ വെളിവാകുന്നതെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസ് സമരത്തിന് ഉപയോഗിച്ച് പറ്റിച്ചു എന്നാണ് ‘റെഡി ടു വെയ്റ്റ്” നേതാക്കളായ സ്ത്രീകള്‍തന്നെ പറയുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആര്‍എസ്എസ് നേതാവ് ആര്‍ ഹരി തന്നെ അവരുടെ ലേഘനങ്ങളില്‍ എഴുതിയിട്ടുണ്ട്. അത് മറച്ചുവക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവസാനം പൊളിഞ്ഞു. അത് കേരളത്തില്‍ ഏറ്റില്ല എന്നറിഞ്ഞപ്പോഴാണ് തൃശ്ശൂര്‍ പൂരത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം തുടങ്ങിയതെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ദേശീയപാത വികസനത്തിന് തടസ്സം നില്‍ക്കുന്ന നിലപാട് മാറ്റിയത് ജനവികാരം ശക്തമായതിനാലാണ്. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം പിറകിലാണ്. ഗതാഗതക്കുരുക്കില്ലാലെ സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ദേശീയപാത ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നു ശ്രീധരന്‍പിള്ളയുടെ കത്ത്.

എന്നാല്‍ അതിനെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം തന്നെ പരസ്യമായി രംഗത്തുവന്നു. വികസനകാര്യത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും യോജിച്ച് നില്‍ക്കണം. സിപിഐ എം സ്വാഗതം ചെയ്തതിന്റെ പേരില്‍ ഉത്തരവ് പിന്‍വലിക്കരുത്.

ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ്. അത് ചെയ്തവര്‍ ആരായാലും ശിക്ഷ ഏറ്റെടുക്കുക. സിപിഐ എം കുറ്റക്കാരെ ഒരാളേയും സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

Top