CPI-M activists protest-Payyanur Police Station

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. ഡിവൈഎഫ്‌ഐ നേതാവിനെതിരെ കാപ്പ ചുമത്തി പൊലീസ് സെന്‍ട്രല്‍ ജയിലില്‍ അടച്ചതിനെതിരെയാണ് സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രന്‍ കൊല്ലപ്പെട്ട കേസിലാണ് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ഭാരവാഹിയും അന്നൂറിലെ സിപിഐഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും കൂടിയായ ടി.സി.വി നന്ദകുമാറിനെ പൊലീസ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് നന്ദകുമാര്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു.

സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രനെ ഒരു സംഘം ആളുകള്‍ വീടുവളഞ്ഞ് കൊലപ്പെടുത്തിയത്.

കാപ്പ ചുമത്തിയതിനെ തുടര്‍ന്ന് നന്ദകുമാറിനെ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെ ഇതെ വിഷയത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെയും ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പങ്കെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നേതാവ് നിഷാദിനെ കാപ്പ നിയമം ചുമത്തി ജയിലില്‍ അടച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് കണ്ണൂരില്‍ അലയടിച്ചിരുന്നത്.

Top