തമിഴകത്ത് രണ്ട് സീറ്റുകൾ വീതം നേടി സി.പിഎമ്മും സി.പി.ഐയും !

ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലെത്തുമ്പോള്‍ രാജ്യത്ത് ആഞ്ഞു വീശിയ ബിജെപി തരംഗത്തില്‍ തകര്‍ന്നു വീണത് ഇടത് മുന്നണിയും യുഡിഎഫ് കോട്ടകളുമാണ്.

ഇതിനിടെ കോയമ്പത്തൂരിലും, മധുരയിലും സിപിഐ എം സ്ഥാനാര്‍ഥികള്‍ ഉജ്വല വിജയം നേടി. മുന്‍ ലോക്‌സഭാംഗവും സിപിഐ എം നേതാവുമായ പി ആര്‍ നടരാജന്‍ കോയമ്പത്തൂരില്‍ 176603 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണനെ തോല്‍പ്പിച്ചു. മധുരയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തമിഴ്‌നാട് മുര്‍പോക്ക് എഴുത്താളര്‍ കലൈഞ്ജര്‍കള്‍ സംഘം പ്രസിഡന്റുമായ സു വെങ്കിടേശന്‍ 136609 വോട്ടിന് എഐഎഡിഎംകെ സ്ഥാനാര്‍ഥി വി വി ആര്‍ രാജ്‌സത്യനെയും പരാജയപ്പെടുത്തി.

നാഗപട്ടണത്ത് 181446 വോട്ടിന് സിപിഐ സ്ഥാനാര്‍ഥി എം സെല്‍വരാജ് എഐഎഡിഎംകെ സ്ഥാനാര്‍ഥി എം ശരവണനെ തോല്‍പ്പിച്ചു. തിരുപ്പൂരില്‍ സിപിഐ സ്ഥാനാര്‍ഥി സുബ്ബരായന്‍ 92876 വോട്ടിന് എഐഎഡിഎംകെ സ്ഥാനാര്‍ഥി എം എസ് എം ആനന്ദനെ തോല്‍പ്പിച്ചു.

2009ല്‍ കോയമ്പത്തൂരില്‍ നിന്ന് സിപിഐ എം സ്ഥാനാര്‍ഥിയായി വിജയിച്ച് ലോക്‌സഭയിലെത്തിയ പി ആര്‍ നടരാജന്‍ പത്ത് വര്‍ഷത്തോളം സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്നു.

തൊഴിലാളികള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അവരുടെ പ്രശ്‌നങ്ങളുയര്‍ത്തിയ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോയമ്പത്തൂരിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പഠിച്ച അദ്ദേഹം എംപിയായിരിക്കെ കോയമ്പത്തൂര്‍ നഗര വികസനത്തിനുള്ള നിരവധി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് നേതൃത്വം നല്‍കിയിട്ടുണ്ട്.

പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സു വെങ്കടേശനാണ് മധുരയിലെ വിജയി. 2006ല്‍ തിരുപ്പുറംകുണ്‍ട്രത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 29 വര്‍ഷമായി സിപിഐ എമ്മിന്റെ പ്രവര്‍ത്തകനായ അദ്ദേഹം തമിഴ്‌നാട് മുര്‍പോക്ക് എഴുത്താളര്‍ കലൈഞ്ജര്‍കള്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പ്രസിഡന്റാണ്.

Top