ഡി.ഐ.ജി ഓഫീസ് മാര്‍ച്ച്;എല്‍ദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ സിപിഐ നടത്തിയ ഡി ഐ ജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ എല്‍ദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പോലീസിന്റെ വാദം.
മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ ഇന്ന് രാവിലെയാണ് എംഎല്‍എ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

സിപിഐയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉള്‍പ്പെടെ പത്തു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാനും സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികള്‍ കീഴടങ്ങിയാല്‍ അന്നുതന്നെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജൂലൈ 23 ന് നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്നു പ്രതികള്‍ക്കെതിരെ ഇന്ത്യാ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണു കേസെടുത്തത്.

Top