ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷം; എല്‍ദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ സിപിഐ നടത്തിയ ഡി ഐ ജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ എല്‍ദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ എന്നിവരുള്‍പ്പെടെ 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍നേതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം പിഡബ്ലുഡി റെസ്റ്റ് ഹൗസിലെത്തിയാണ് നേതാക്കള്‍ അറസ്റ്റ് വരിച്ചത്. അറസ്റ്റ് ചെയ്ത നേതാക്കളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ജൂലൈ 23 ന് നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്നു പ്രതികള്‍ക്കെതിരെ ഇന്ത്യാ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണു കേസെടുത്തത്.

അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണെന്ന് പി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം പോലീസ് നടപടി ചര്‍ച്ച ചെയ്യണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി കെ പി സുഗതന്‍ ആവശ്യപ്പെട്ടു. സംഘര്‍ഷത്തിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പോലീസ് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Top