രാഹുല്‍ ഗാന്ധിയല്ലാതെ നയിക്കാന്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോ; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയെ നേരിടാന്‍ പാര്‍ട്ടികളുടെ വിപുലമായ കൂട്ടായ്മ വേണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതില്‍നിന്നു കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ലെന്നും, രാഹുല്‍ ഗാന്ധിയല്ലാതെ നയിക്കാന്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോ എന്നു കാനം ചോദിച്ചു.

ബിനോയ് വിശ്വം പറഞ്ഞത് ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലെന്നു വിശദീകരിച്ച കാനം, കേരളത്തിലേത് വ്യത്യസ്തമായ സാഹചര്യമാണെന്നും പറഞ്ഞു.

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. മിക്ക സംസ്ഥാനങ്ങളിലും ബിജെപി ശക്തമാണ്. ബിജെപിക്കെതിരെ ഇടതുപക്ഷം ശക്തമായ നിലപാട് എടുത്തു മുന്നോട്ടു പോകുന്നുണ്ട്. കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ എല്ലായിടത്തും ബദലായി ആ സ്ഥാനത്തേക്കു വരാന്‍ ഇടതുപക്ഷത്തിനു കഴിയണമെന്നില്ലെന്നു കാനം ചൂണ്ടിക്കാട്ടി.

മറ്റു പലരും അവിടേക്കു വന്നേക്കാം. ആ യാഥാര്‍ഥ്യമാണു ബിനോയ് വിശ്വം പറഞ്ഞത്. ഈ അഭിപ്രായം കേരളത്തിനു ബാധകമല്ലെന്നും ബിനോയ് വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ഇടതുപക്ഷത്തിനു മാത്രമേ ബദല്‍ രൂപീകരിക്കാന്‍ കഴിയൂ എന്ന പിണറായി വിജയന്റെ നിരീക്ഷണം സിപിഎമ്മിന്റെ കാഴ്ചപ്പാടാണ്.

മുഖ്യമന്ത്രി സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ബിനോയ് വിശ്വം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്. രണ്ടു പാര്‍ട്ടികളുടെ നിലപാടാണ് അവര്‍ പറഞ്ഞത്. രണ്ടു നിലപാട് ഉള്ളതു കൊണ്ടാണു രണ്ടു പാര്‍ട്ടിയായി നില്‍ക്കുന്നത്. ഇന്ത്യയിലെ പൊതു രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണ്. അതിന്റെ വിശദാംശങ്ങളില്‍ തര്‍ക്കമുണ്ടാകാമെന്നും കാനം പറഞ്ഞു.

Top