സി.പി.എമ്മിൽ സി.പി.ഐ വിളവെടുപ്പ് , ഇടതുപക്ഷത്ത് പ്രതിഷേധവും ശക്തം

രു കമ്യൂണിസ്റ്റു പാര്‍ട്ടി എന്ന നിലയിലുള്ള വിശ്വാസ്യതയാണ് സി.പി.ഐക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. സി.പി.എം പുറത്താക്കിയവര്‍ക്ക് അഭയം നല്‍കുന്ന പാര്‍ട്ടിയായി ആ പാര്‍ട്ടി മാറി കഴിഞ്ഞു. ഏറ്റവും ഒടുവില്‍ തളിപ്പറമ്പിലും പൊന്നാനിയിലും ദൃശ്യമാകുന്നതും അതു തന്നെയാണ്. ഇത്തരം നിലപാടുകള്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതല്ല. ഒരേ മുന്നണിയിലിരുന്ന ഈ ഏര്‍പ്പാട് തുടരുന്ന സി.പി.ഐ മുന്നണിയില്‍ തുടരുന്നത് തന്നെ അനൗചിത്യമാണ്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സി.പി.എം നേതൃത്വമാണ് ഇനി തയ്യാറാകേണ്ടത്.

കൊല്ലത്തെ പ്രധാന ശക്തിയാണെന്ന് അഹങ്കരിച്ചിരുന്ന ആര്‍.എസ്.പി ഇടതുമുന്നണി വിട്ടപ്പോള്‍ അവര്‍ക്ക് സംഭവിച്ച തിരിച്ചടി എന്തായിരുന്നു എന്നത് ഈ നാട് കണ്ടിട്ടുള്ളതാണ്. ഒരു എം.എല്‍.എയെ പോലും വിജയിപ്പിക്കാന്‍ യു.ഡി.എഫിന്റെ ഭാഗമായിട്ടു പോലും ആ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. അതും സി.പി.ഐ നേതൃത്വം ഓര്‍ത്തു കൊള്ളണം. സി.പി.ഐ ചെയ്യുന്നതു പോലെ സി.പി.എം പ്രവര്‍ത്തിച്ചാല്‍ ആ പാര്‍ട്ടിയില്‍ എത്ര പേര്‍ അവശേഷിക്കുമെന്നതും പ്രസക്തമായ കാര്യം തന്നെയാണ്. തളിപ്പറമ്പില്‍ സി.പി.എം പുറത്താക്കിയ മുന്‍ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരനും അദ്ദേഹത്തിന്റെ ചില അനുയായികള്‍ക്കുമാണ് സി.പി.ഐ ഇപ്പോള്‍ ‘ചുവപ്പ് പരവതാനി” വിരിച്ചിരിക്കുന്നത്.

ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് ഇഷ്ടം ചെങ്കൊടിയോടാവണം അതല്ലാതെ വ്യക്തികളോടാകരുത്. ഇഷ്ടക്കാര്‍ കമ്മറ്റിയില്‍ ഉള്‍പ്പെട്ടില്ലന്നു കരുതി സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോവുകയും പരസ്യമായി പ്രതികരിക്കുകയും ചെയ്തതിനാണ് കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.പി.എം നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി സംവിധാനത്തിന് ബദലായി റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതും നടപടി വേഗത്തിലാവാന്‍ പ്രധാന കാരണമാണ്. കീഴ് ഘടകത്തില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ മേല്‍ ഘടകങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സംവിധാനം സി.പി.എമ്മിനുണ്ട്. ഇങ്ങനെ തീരുമാനങ്ങള്‍ മാറ്റിയ ചരിത്രവും നിരവധിയാണ്. എന്നാല്‍ ഇതിനൊന്നും മുതിരാതെ തുടര്‍ച്ചയായ അച്ചടക്ക ലംഘനമാണ് വിമത വിഭാഗം നടത്തിയിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് തളിപറമ്പില്‍ സംഘടനാ നടപടിയും അനിവാര്യമായിരുന്നത്.

പൊന്നാനിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഈ മണ്ഡലത്തില്‍ വിമത ശബ്ദം പൊട്ടി പുറപ്പെട്ടിരുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി.എം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു, പരസ്യമായ പ്രതിഷേധ പ്രകടനം നടന്നിരുന്നത്. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിട്ട സി.പി.എം മികച്ച വിജയമാണ് മണ്ഡലത്തില്‍ കൊയ്തിരുന്നത്. തിരഞ്ഞെടുപ്പിനു ശേഷം നടന്ന സി.പി.എം ജില്ലാ കമ്മറ്റി യോഗമാണ് ടി.എം സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിച്ചിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ഏരിയ കമ്മറ്റി അംഗം ആറ്റുണ്ണി തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരാണ് വിമത ശബ്ദം ഉയര്‍ത്തി രംഗത്തു വന്നിരിക്കുന്നത്. ഇവര്‍ക്കായും സി.പി.ഐ നേതൃത്വമാണിപ്പോള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നത്.

കുറ്റിയാടി എം.എല്‍.എയായ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയ പാര്‍ട്ടി തന്നെയാണ് ടി.എം സിദ്ധിഖിനെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. കുറ്റിയാടിയില്‍ പാര്‍ട്ടി സീറ്റ് കേരള കോണ്‍ഗ്രസ്സിനു വിട്ടു കൊടുത്ത നടപടിയാണ് അണികളെ പ്രകോപിപ്പിച്ചതെങ്കില്‍ പൊന്നാനിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ തന്നെയാണ് പരസ്യ പ്രതിഷേധമുണ്ടായിരുന്നത്. ഇത് രണ്ടും ഒരിക്കലും ഒരേ രൂപത്തില്‍ വിലയിരുത്താനും സാധിക്കുകയില്ല. കുറ്റിയാടിയില്‍ പാര്‍ട്ടി വികാരമാണ് പ്രകടമായിരുന്നത്. എന്നിട്ടും കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുണ്ടായി. എന്നാല്‍ പൊന്നാനിയില്‍ നടന്നത് പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരായ നീക്കമാണ്. ഇതിനെയാണ് യഥാര്‍ത്ഥത്തില്‍ വിഭാഗീയത എന്നൊക്കെ പറയുന്നത്.

പരസ്യ പ്രകടനം ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയില്‍ മറ്റാരേക്കാളും ബാധ്യത സിദ്ധിഖിനു തന്നെയാണുള്ളത്. പ്രത്യേകിച്ച് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്നതിനാല്‍ ഉത്തരവാദിത്വം വളരെ കൂടുതലുമാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിനു വീഴ്ച പറ്റിയതു കൊണ്ടാണ് ഇപ്പോള്‍ തരം താഴ്ത്തപ്പെട്ടിരിക്കുന്നത്. അതേസമയം പാര്‍ട്ടിയുടെ ഈ നടപടിയില്‍ അദ്ദേഹത്തിനോ ഒപ്പമുള്ളവര്‍ക്കോ പരാതി ഉണ്ടെങ്കില്‍ അതു ഉന്നയിക്കാനുള്ള അവസരവും സി.പി.എമ്മിലുണ്ട്. ആ അവസരമാണ് അവര്‍ ഇനി പ്രയോജനപ്പെടുത്തേണ്ടത്. അതല്ലാതെ ആറ്റുണ്ണിതങ്ങളുടെ വഴി സ്വീകരിക്കുന്നതും സി.പി.ഐയുടെ വലയില്‍ ചാടുന്നതും രാഷ്ട്രീയപരമായി വലിയ മണ്ടത്തരമായാണ് മാറുക.

അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത പാര്‍ട്ടിയാണ് സി.പി.എം. അതുപോലെ തന്നെ നടപടിക്ക് വിധേയരായവര്‍ തെറ്റു തിരുത്തുമ്പോള്‍ ഉന്നത പദവികള്‍ നല്‍കിയ ചരിത്രവും ആ പാര്‍ട്ടിയെ സംബന്ധിച്ച് ഏറെയുണ്ട്. അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ ആ പാതയാണ് സ്വീകരിക്കുക. അതിനു തയ്യാറാവാത്തവരാകട്ടെ പിന്നീട് ഒന്നുമല്ലാതാകുന്ന കാഴ്ചയും ഈ രാഷ്ട്രീയ കേരളം പല തവണ കണ്ടിട്ടുള്ളതാണ്. സി.പി.എമ്മിന് ഒരിക്കലും ബദലല്ല സി.പി.ഐ. അതൊരു വലുതുപക്ഷ കമ്യൂണിസ്റ്റു പാര്‍ട്ടിയാണ്. ഒറ്റക്ക് മത്സരിച്ചാല്‍, ഒരു പഞ്ചായത്തില്‍ പോലും വിജയിക്കാനുള്ള ശേഷി നിലവില്‍ സി.പി.ഐക്കില്ല.

നിയമസഭയിലെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും സീറ്റുകളുടെ എണ്ണം കണ്ട് ,ഒരിക്കലും സി.പി.ഐ നേതാക്കള്‍ അഹങ്കരിക്കരുത്. ഈ നേട്ടത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരുടെ വിയര്‍പ്പാണുള്ളത്. സി.പി.ഐ വിട്ടവരാണ് സി.പി.എം ഉണ്ടാക്കിയതെന്ന് പറയുന്ന കാനം രാജേന്ദ്രന്‍ ഒരു കാര്യം മറന്നുപ്പോകരുത്. ആശയപരമായ ഭിന്നതയാണ് അന്നു പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നത്. അതാകട്ടെ അനിവാര്യവുമായിരുന്നു. വലതുപക്ഷനിലപാട് സ്വീകരിച്ച സി.പി.ഐ നേതൃത്വം കോണ്‍ഗ്രസ്സുമായി ഐക്യമുണ്ടാക്കുക എന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവച്ചിരുന്നത്. ഈ റിവിഷനിസ്‌റ് ആശയത്തെ എതിര്‍ത്തവരാണ് സി.പി.ഐ.എം എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നത്. പിളര്‍പ്പിന്റെ അടിസ്ഥാന കാരണവും ഇതു തന്നെയാണ്. അന്ന് എ.കെ.ജിയും ഇ.എം.എസും വിഎസും എല്ലാം എടുത്ത നിലപാടാണ് ശരിയെന്നത് ഇന്നത്തെ സി.പി.ഐയുടെയും സി.പി.എമ്മിന്റെയും അവസ്ഥ നോക്കിയാല്‍ ആര്‍ക്കും തന്നെ വ്യക്തമാവുന്ന കാര്യവുമാണ്.

ജനസ്വാധീനത്തിന്റെയും സംഘടനാ കരുത്തിന്റെയും കാര്യത്തില്‍ സി.പി.എമ്മിനോട് ഒരു താരതമ്യം പോലും സി.പി.ഐ എന്ന പാര്‍ട്ടി അര്‍ഹിക്കുന്നില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്നും സി.പി.എം. തൊഴിലാളി രംഗത്തും യുവജന രംഗത്തും തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വരെ സി.പി.എമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കാണ് ആധിപത്യമുള്ളത്. രാഷ്ട്രീയ എതിരാളികള്‍ ഒറ്റക്കെട്ടായി നിന്നാലും അടുത്തെത്താന്‍ കഴിയാത്ത അത്ര ദൂരത്തിലാണ് ഈ സംഘടനകള്‍ എല്ലാം ഉള്ളത്. ഈ ചിത്രത്തില്‍ എവിടെയും സി.പി.ഐയെയോ അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളേയോ നമുക്ക് ഒരിക്കലും കാണാന്‍ സാധിക്കുകയില്ല. ഈ യാഥാര്‍ത്ഥ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറിയും അംഗീകരിച്ചേ പറ്റൂ.

സി.പി.എം വിട്ടവരെയല്ല സംഘടനാ നടപടിക്ക് വിധേയരായവരെയും അവര്‍ക്കൊപ്പമുള്ള ചെറിയ വിഭാഗത്തെയുമാണ് സി.പി.ഐ സ്വീകരിക്കുന്നത്. അതല്ലാതെ സി.പി.എമ്മിനോട് ‘ഗുഡ് ബൈ’ പറഞ്ഞ് മറ്റാരാണ് സി.പി.ഐയില്‍ ചേരുകയെന്നത് കാനം തന്നെ ഒന്നു ചിന്തിച്ചു നോക്കുന്നത് നല്ലതായിരിക്കും. ഉത്തരവാദിത്വപ്പെട്ട ഒരു കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് അച്ചടക്കം എന്നത് പരമപ്രധാനമാണ്. അത് ലംഘിച്ചാല്‍ ഏത് ഉന്നത നേതാവായാലും നടപടിയും ഉണ്ടാകും. അതാണ് സി.പി.എം പിന്തുടരുന്ന സംഘടനാരീതി. ദേശീയ നേതാക്കള്‍ക്കെതിരെ വരെ കടുത്ത നടപടി സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.എം. പാര്‍ട്ടിയോട് കൂറുള്ള നേതാക്കളും പ്രവര്‍ത്തകരും അച്ചടക്ക നടപടി നേരിട്ടാലും പാര്‍ട്ടി തീരുമാനത്തിനൊപ്പം തന്നെയാണ് നില്‍ക്കാറുള്ളത്. അതില്ലാത്തവരാണ് ഇങ്ങനെ മറുകണ്ടം ചാടാറുള്ളത്. അത്തരക്കാര്‍ക്കു വേണ്ടി വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ വലവീശുന്നതും സ്വാഭാവികം തന്നെയാണ്.

എന്നാല്‍ ഇവിടെ ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി തന്നെ അത്തരം ആളുകള്‍ക്ക് കുട പിടിക്കുന്നതാണ് എം.വി ജയരാജന്‍ ഉള്‍പ്പെടെ ഉള്ള സി.പി.എം നേതാക്കള്‍ ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്. ”സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറി കിടക്കാവുന്ന കൂടാരമായി” സി.പി.ഐ മാറി കഴിഞ്ഞു എന്ന അദ്ദേഹത്തിന്റെ ആരോപണം തന്നെ ഗുരുതരമാണ്. ഇടതുപക്ഷത്തിരുന്നാണ് വലുതുപക്ഷത്തിന്റെ ഈ സ്വഭാവം സി.പി.ഐ കാണിച്ചിരിക്കുന്നത്. സി.പി.ഐക്ക് ആളുകളെ ലഭിക്കാന്‍ സി.പിഎം അച്ചടക്ക നടപടി സ്വീകരിക്കണമെന്ന അവസ്ഥ സി.പി.ഐയുടെ ഗതികേടു കൂടിയാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ കേരളം ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയേണ്ടതുണ്ട്.

EXPRESS KERALA VIEW

Top