നിലപാട് മയപ്പെടുത്തി സിപിഐ; ലോകായുക്ത ഭേദഗതി മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് കാനം

തിരുവനന്തപുരം: ലോകായുക്ത ഓർ‍ഡ‍ിനൻസിന്റെ വിഷയത്തിൽ കടുംപിടുത്തം വിട്ട് ഭേദഗതി നിർദ്ദേശിക്കാൻ സിപിഐ ധാരണയിലെത്തി. ഓർഡിനൻസ് ഇടതുമുന്നണിയിൽ ചർച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാവർക്കും യോജിച്ച ഒരു പരിഹാരത്തിലേക്ക് എത്തും. ചർച്ച ചെയ്ത് ധാരണയിൽ എത്തുമെന്നും കാനം കൂട്ടിച്ചേർത്തു. ലോകായുക്ത വിധി പരിശോധിക്കാൻ സർക്കാറിന് പകരം സ്വതന്ത്ര ചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിർദ്ദേശം സിപിഐ മുന്നോട്ട് വക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ലോകായുക്ത നിയമത്തിൽ വെള്ളം ചേർത്തുള്ള ഭേദഗതിയെ നേരത്തെ സിപിഐ എതിർത്തിരുന്നു. എന്നാൽ ഗവർണർ ഭേദഗതി ഓർഡിനൻസ് തള്ളിയതോടെ നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യമാണിപ്പോൾ സർക്കാർ നേരിടുന്നത്. ഇത് കാരണമാണ് എതിർപ്പ് മയപ്പെടുത്താൻ സിപിഐ തീരുമാനിച്ചത്. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകരെ സ്ഥാനത്തുനിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് എടുത്തുകളയുന്നതാണ് സർക്കാർ ഓർഡിനൻസ്.

പൊതുപ്രവർത്തകരുടെ നിയമനാധികാരി അപ്പീൽ കേൾക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതി എന്ന നിലയിലേക്കാണ് സിപിഐ അയഞ്ഞിയിരിക്കുന്നത്. സിപിഐ പിന്നോട്ട് പോകുമ്പോൾ ഈ ബദൽ സിപിഎം അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. 22ന് സഭാ സമ്മേളനം ചേരും മുമ്പ് സിപിഎം-സിപിഐ ചർച്ച നടത്തിയാകും തീരുമാനമെടുക്കുക. അതേസമയം സിപിഐയുടെ ഭേദഗതി നിർദ്ദേശം മുൻ നിലപാടിൽ നിന്നുള്ള പിന്നോട്ട് പോകലായി പ്രതിപക്ഷം ഉന്നയിക്കുമെന്നുറപ്പാണ്.

Top