ഗവര്‍ണര്‍ക്ക് മറ്റെന്തോ ലക്ഷ്യം; ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ മുഖപത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പരസ്യമായി പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. അനാവശ്യ വിവാദസൃഷ്ടിയാണ് സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉയര്‍ത്തുന്നത് എന്നാണ് ജനയുഗം കുറ്റപ്പെടുത്തുന്നത്.

ആരിഫ് മുഹമ്മദ് ഖാന്‍ അനാവശ്യ വിവാദമാണ് സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും സംശയിച്ചാല്‍ തെറ്റാവില്ല. ഗവര്‍ണര്‍ ഉന്നയിക്കുന്നത് ബാലിശമായ കാര്യങ്ങളാണ്. ഗവര്‍ണര്‍ എന്ന പദവി തന്നെ അനാവശ്യമാണെന്ന സംവാദം ശക്തമായി നടന്നുകൊണ്ടിരിക്കേയാണ് ആ പദവി ഉപയോഗിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനും മാധ്യമ ശ്രദ്ധ നേടുന്നതിനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെ ഗവര്‍ണര്‍ ഉയര്‍ത്തുന്ന ആക്ഷേപം. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവി ഒഴിയുകയാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. എന്നാല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെ നിര്‍ദ്ദേശിക്കുന്നത് യുജിസി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ജനയുഗം ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്നു.

മന്ത്രിസഭയും ഗവര്‍ണറുമായി വിയോജിപ്പുകള്‍ സ്വാഭാവികമാണ്. പക്ഷേ അത് അനാവശ്യ വിവാദത്തിലേയ്ക്ക് നയിക്കുന്നത് ആശാസ്യമാണോയെന്ന പരിശോധന ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പാര്‍ട്ടിക്കാര്‍ക്കും വിധേയര്‍ക്കും വിശ്വസ്തര്‍ക്കുമുള്ള ഇടമാക്കി ഗവര്‍ണര്‍ സ്ഥാനത്തെ ബിജെപി മാറ്റി. കശ്മീരിലും ഗോവയിലും യുപിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മധ്യപ്രദേശിലും ബംഗാളിലും കേരളത്തിലും നിയോഗിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ഇതിനുദാഹരണമാണ്. അവര്‍ ബിജെപിയുടെ രാഷ്ട്രീയ പാവകളായി മാറുന്ന സഹചര്യം ഉണ്ടായി. അവരില്‍ പലരും ബിജെപിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനും കൂട്ടു നില്‍ക്കുകയായിരുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളാകാന്‍ ശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹാസ്യനാകേണ്ടിവന്ന മുന്‍കാല അനുഭവങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ക്കുന്നില്ലെന്നത് ആ പദവിയെയാണ് അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.

Top