സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നിവരെ വിമർശിച്ച് സിപിഐ എക്സിക്യൂട്ടീവ്

തിരുവനന്തപുരം : പ്രായപരിധി, പദവി വിഷയങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ വിമർശനമുന്നയിച്ച് സിപിഐ എക്സിക്യൂട്ടീവ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായത്.

സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങൾ ശരിയായില്ലെന്നാണ് എക്സിക്യൂട്ടീവിലെ വിലയിരുത്തൽ. മുതിർന്ന നേതാക്കളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം. ഇത് പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി. നേതാക്കളുടെ പ്രതികരണങ്ങളിൽ പാകതക്കുറവുണ്ടായെന്നും എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു. പാർട്ടിയിലെ ഐക്യം എല്ലാവരും ചേർന്ന് നിലനിർത്തണമന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു

സമവായത്തിലെത്തിയെന്ന പ്രതീതി സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് എക്സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ വിമർശനമുന്നയിച്ച നേതാക്കളിൽ നിന്നുണ്ടായത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും പ്രായ പരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും പാർട്ടിയിലുണ്ടാകുമെന്നും കെ ഇ ഇസ്മയിൽ മാധ്യമങ്ങളോട് വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന ചോദ്യത്തിന് കണിയാനോട് ചോദിക്കണമെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. അതേ സമയം, പ്രായപരിധി കേന്ദ്ര തീരുമാനമാണെന്ന് നേരത്തെ വിമത സ്വരമുയർത്തിയ സി ദിവാകരനും പ്രതികരിച്ചു. പ്രതിനിധി സമ്മേളത്തിൽ സി ദിവാകരൻ തന്നെ പതാക ഉയർത്താനും ധാരണയായി. നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നാണ് സൂചന.

Top