പാര്‍ട്ടി തീരുമാനത്തെ കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞു; സിപിഐ ജില്ല എക്‌സിക്യൂട്ടീവ്

kanam

കൊച്ചി: സിപിഐ എറണാകുളം ജില്ല എക്‌സിക്യൂട്ടീവില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ജില്ലാ എക്‌സിക്യൂട്ടിവില്‍ നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കാരണം പൊലീസിന്റെ മര്‍ദ്ദനമേറ്റ മൂവാറ്റുപുഴ എംഎല്‍എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായെന്ന് ജില്ലാ എക്‌സിക്യൂട്ടിവില്‍ നേതാക്കള്‍ വിമര്‍ശിച്ചു.

പാര്‍ട്ടി തീരുമാനപ്രകാരമാണ് ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെന്നും അതിനെയെല്ലാം തള്ളിക്കളയുന്ന പ്രസ്താവനയാണ് കാനം രാജേന്ദ്രനില്‍ നിന്നുമുണ്ടായതെന്നും അംഗങ്ങള്‍ ആരോപിച്ചു.

കൊച്ചിയിലെ പൊലീസ് ലാത്തിചാര്‍ജിനെ ചൊല്ലിയുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയാണ് സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഇന്ന് ചേര്‍ന്നത്. എറണാകുളത്ത് ഉണ്ടായിട്ടും ജില്ലാ എക്‌സിക്യൂട്ടിവില്‍ പങ്കെടുക്കാതെ കാനം മടങ്ങിയത് വാര്‍ത്തയായിരുന്നു. കാനം രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. കാനം യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയത് അഭിപ്രായ ഭിന്നതയെ തുടര്‍ന്നല്ലെന്നും നിലവിലെ സ്ഥിഗതികള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

പാര്‍ട്ടി എംഎല്‍എക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അദ്ദേഹം മൗനം പാലിച്ചതാണ് സിപിഐക്കുള്ളില്‍ അസ്വരാസ്യങ്ങള്‍ക്ക് വഴി തുറന്നത്. സിപിഐ മാര്‍ച്ചിനിടെ നേതാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് കാനം ഇന്നലെ രംഗത്തെത്തിയിരുന്നു. ജില്ലാ സെക്രട്ടറിയേയും എംഎല്‍എയേയും എന്തിന് മര്‍ദിച്ചു എന്ന് എസ്‌ഐയോട് ചോദിക്കണം. സിപിഐ മാര്‍ച്ച് നടത്തിയതിനാണ് പൊലീസ് മര്‍ദിച്ചതെന്നു പറഞ്ഞ കാനം പൊലീസ് ആരേയും വീട്ടില്‍ കയറി മര്‍ദിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു.

അതിനിടെ കാനം രാജേന്ദ്രനെതിരെ സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചുള്ളതാണ് പോസ്റ്റര്‍. അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരണവുമായി കാനം രംഗത്തെത്തിയിരുന്നു. പോസ്റ്ററുകള്‍ കാര്യമായി എടുക്കുന്നില്ലെന്നും സിപിഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ പോസ്റ്ററുകള്‍ ഒട്ടിക്കില്ലെന്നും കാനം പറഞ്ഞിരുന്നു.

Top