എറണാകുളം പിടിച്ച് കാനം പക്ഷം; കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറി

കൊച്ചി: ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് കരുക്കൾ നീക്കിയതോടെ മത്സരത്തിലേക്ക് കടന്ന, സിപിഐ എറണാകുളം ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കാനം പക്ഷത്തിന് ജയം. ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ച കെ എൻ സുഗതനെ പരാജയപ്പെടുത്തി കാനം പക്ഷത്ത് നിന്നുള്ള കെ എം ദിനകരൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 51 അംഗ കൗൺസിലിൽ 28 വോട്ട് നേടിയാണ് കെ എം ദിനകരൻ വിജയിച്ചത്. ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാർഥിയായ കെ എൻ സുഗതന് 23 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

കടുത്ത വിഭാഗീയത നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് കരുക്കൾ നീക്കിയതോടെ,ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരം ഉറപ്പിച്ചിരുന്നു. എതിർപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ജില്ലാ കൗൺസിൽ ഏതുവിധത്തിലും പിടിച്ചെടുക്കാൻ കാനം പക്ഷം തുടക്കം മുതൽ തന്നെ ചരടുവലികൾ തുടങ്ങിയിരുന്നു. 14 മണ്ഡലം കമ്മിറ്റികളിൽ ഒൻപതും പിടിച്ചെടുത്തതോടെ, ജില്ലാ കൗൺസിൽ പിടിക്കാൻ ആത്മവിശ്വാസത്തോടെയാണ് കാനം പക്ഷം കോപ്പുകൂട്ടിയത്.

Top