വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി, ഇത് അനുവദിക്കരുത്; പൊലീസിനെതിരെ സിപിഐ മുഖപത്രം

തിരുവനന്തപുരം: മോഫിയയുടെ ആത്മഹത്യകുറിപ്പില്‍ ഇന്‍സ്പെക്ടറുടെ പേരുവന്നത് യാദൃശ്ചികമല്ലെന്ന് സിപിഐ മുഖപത്രം. ഇയാള്‍ക്കെതിരെ മുമ്പും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാക്കിക്കുള്ളിലെ മനുഷ്യത്വരാഹിത്യവും കുറ്റവാസനയും തുറന്നുകാട്ടുന്നുവെന്നും മുഖപത്രം വിമര്‍ശിച്ചു.

വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാന്‍ അനുവദിക്കരുതെന്നും മുഖപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട അപഭ്രംശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുന്നത് ഖേദകരമാണ്. പല സംഭവങ്ങളിലും പൊലീസ് ഉന്നതര്‍ സംശയനിഴലിലുണ്ട്. നിയമവാഴ്ചയെയും സുരക്ഷിതത്വത്തെയും പറ്റി പൗരസമൂഹത്തില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും നിയമവാഴ്ച ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ത ചര്‍ച്ചയ്ക്ക് പൊലീസ് വിളിച്ചിരുന്നു. എന്നാല്‍ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സിഐയെ സ്ഥലം മാറ്റുകയും ചെയ്തു.

Top