മദ്യനയത്തില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചിട്ടില്ല: കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: മദ്യനയത്തില്‍ സിപിഐ പാര്‍ട്ടി നിലപാടായി എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചില വ്യക്തികളുടെ ചില പ്രസ്താവനകള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. സിപിഐയും സിപിഎമ്മും തമ്മില്‍ നല്ല ബന്ധമാണുള്ളത്. എല്ലാക്കാര്യങ്ങളും ആലോചിച്ചുതന്നെയാണ് ചെയ്യുന്നതെന്ന് കോടിയേരി പറഞ്ഞു.

കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച പ്രശ്നമാണ് എഐടിയുസി ഉന്നയിച്ചിരിക്കുന്നത്. അത് ചെത്തുതൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്നമാണ്. ചെത്തുതൊഴിലാളികളുടെ സംഘടനയും ആ പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. ഇന്നത്തെ നിലയില്‍ അത് എത്രത്തോളം പ്രായോഗികമാകുമെന്ന പ്രശ്നമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ ചില വിധികളും നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് ആ വിഷയത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാത്തതെന്ന് കോടിയേരി പറഞ്ഞു.

മദ്യനയത്തില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അവരുടെ കാലത്തെ ശീലം വെച്ച് ഉന്നയിച്ചിട്ടുള്ളതാണെന്നും കോടിയേരി പരിഹസിച്ചു. നിലവിലെ സാഹചര്യത്തില്‍ മാണി സി കാപ്പന് എല്‍ഡിഎഫിലേക്ക് വരാനാകില്ല. എല്‍ഡിഎഫിലേക്ക് വരണമെങ്കില്‍ മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top