cpi distric secratary p. raju aganist eranakulam collector

കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യവും സിപിഐയും തമ്മിലുള്ള പോരു മുറുകുന്നു. കളക്ടര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

ഹാരിസണ്‍ മലയാളം ഭൂമിയിടപാടില്‍ വഴിവിട്ട സഹായം ചെയ്യാന്‍ പി രാജു നിര്‍ബന്ധിച്ചെന്ന എം ജി രാജമാണിക്യത്തിന്റെ ആരോപണത്തിന് എതിരെയാണ് മാനനഷ്ടത്തിന് കേസ് നല്‍കുന്നത്.

കളക്ടര്‍ക്ക് നിരവധി അഴിമതികളില്‍ പങ്കുണ്ടെന്ന് പി രാജു ആരോപിച്ചു. കളക്ടര്‍ക്കെതിരെ തിങ്കളാഴ്ച മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെയുള്ള ആരോപണം കളക്ടര്‍ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും കളക്ടര്‍ കുശിനിക്കാരനായി ജീവിക്കുമെന്നും പി രാജു അഭിപ്രായപ്പെട്ടു.

എറണാകുളം ജില്ലാകളക്ടര്‍ രാജമാണിക്യത്തെ നീക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ സിപിഐഎം തര്‍ക്കം മറുകുന്നതിനിടയിലാണ് സിപിഐ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ രാജമാണിക്യത്തെ മാറ്റാന്‍ ശ്രമിച്ചത് മുഖ്യമന്ത്രി തടഞ്ഞതോടെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് വിവാദ സ്വാമി സന്തോഷ് മാധവന് പുത്തന്‍ വേലിക്കരയില്‍ അനുവദിച്ച ഭൂമി പോക്കുവരവ് നടത്താന്‍ അനുമതി നല്‍കിയത് രാജമാണിക്യമാണെന്ന് ആരോപിച്ച് എഐവൈഎഫ് സമരം ആരംഭിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആര്‍എംഇസെഡ് കമ്പനിയില്‍ നിന്നും ഏറ്റെടുത്ത വടക്കന്‍ പറവൂരിലെയും മാളയിലെയും 118 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ട് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത് വിവാദമായിരുന്നു. ഐടി വ്യവസായത്തിനെന്ന വ്യാജേനെയാണ് 90 ശതമാനം നെല്‍പാടങ്ങളുള്‍പ്പെട്ട സ്ഥലം സര്‍ക്കാര്‍ വിട്ടുനല്‍കിയത്

Top