മുഖ്യമന്ത്രിക്കും സിപിഐക്കുമെതിരെ വിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം സമ്മേളനം

pinarayi

തിരുവനന്തപുരം: പാര്‍ട്ടിക്കാര്‍ക്കെതിരെ നിലപാട് എടുത്ത പൊലീസുകാര്‍ക്കു മുഖ്യമന്ത്രി അവാര്‍ഡ് നല്‍കിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. സഖ്യകക്ഷിയായ സിപിഐയ്ക്കും പൊലീസിനുമെതിരെയും കടുത്ത വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.

എം.സ്വരാജ് ഉള്‍പ്പെടെയുള്ള സിപിഎം എംഎല്‍എമാര്‍ക്കെതിരെ സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മും വിമര്‍ശനം നടത്തിയിരിക്കുന്നത്.

പൊലീസിന്റേത് പക്ഷപാതപരമായ പെരുമാറ്റമാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

പൊലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടാനായത് എം.വി ജയരാജന്‍ അദ്ദേഹത്തിന്റെ ഓഫിസില്‍ ഔദ്യോഗിക സ്ഥാനത്തെത്തിയശേഷം മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിനിധികള്‍ സിപിഐയെ ചുമക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്നും അഭിപ്രായപ്പെട്ടു.

സിപിഎമ്മിനെ വിമര്‍ശിച്ചതുകൊണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യൂസ് മേക്കറായത്. സിപിഐക്കാര്‍ സമ്മേളനങ്ങള്‍ നടത്തുന്നത് പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുകള്‍ വഴിയാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വ്യക്തമാക്കി.

സിപിഐ എറണാകുളം ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എം സ്വരാജ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നും സിപിഐയുടെ വോട്ട് വാങ്ങി ജയിച്ചിട്ടും ആളെ അറിയില്ല എന്ന് നടിക്കുകയാണ് സിപിഐ പറഞ്ഞിരുന്നു.

Top