കൊവിഡ് പ്രതിരോധ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട്; ചേര്‍ത്തല നഗരസഭയില്‍ സിപിഎം സിപിഐ പോര്

ആലപ്പുഴ: ചേർത്തല നഗരസഭയിൽ കൊവിഡ് പ്രതിരോധ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടെന്ന് ഭരണകക്ഷിയായ സിപിഐ. കൊവിഡ് രോഗികൾക്കായുള്ള സിഫ്എൽടിസിക്കായി അനുവദിച്ച 83 ലക്ഷം രൂപയിൽ 36 ലക്ഷത്തിൻറെ കണക്ക് മാത്രമേയുള്ളൂ എന്നും ബാക്കി പണം ആര് പോക്കറ്റിലാക്കിയെന്നും കൗൺസില് യോഗത്തിൽ സിപിഐ തുറന്നടിച്ചു. സർക്കാർ നേരിട്ട് ഓഡിറ്റിങ്ങ് നടത്തുന്നതിൻറെ കണക്കുകൾ ബോധിപ്പിക്കേണ്ടതില്ലെന്നാണ് ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിൻറെ നിലപാട്.

2019 മുതൽ 2021 വരെ ചെലവിട്ട കൊവിഡ് പ്രതിരോധ ഫണ്ടിനെപറ്റിയാണ് ചേർത്തലയില് ഭരണകക്ഷികള് തമ്മിലെ പോര്. 2019 ൽ മുൻസിപ്പാലിറ്റി ഭരണം യുഡിഎഫിനായിരുന്നു. 2020 ഡിസംബറിലാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. ഇക്കാലയളവിൽ നഗരസഭ നടത്തിയ സിഎഫ് എല് ടിസിക്കായി സർക്കാര് അനുവദിച്ചത് 83 ലക്ഷംരൂപയാണ്. പക്ഷെ നഗരസഭ ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയിൽ ഉദ്യോഗസ്ഥർ 36 ലക്ഷം രൂപ ചെലവിട്ടതിൻറെ കണക്ക് മാത്രം അവതരിപ്പിച്ചതാണ് ഭരണകക്ഷികൂടിയായ സിപിഐയെ ചൊടിപ്പിച്ചത്.

ബാക്കി പണം ആരുടെ പോക്കറ്റിലേക്ക് പോയെന്ന് സിപിഐ അംഗം പി എസ് ശ്രീകുമാര് കൗൺസില് യോഗത്തില് തുറന്നടിച്ചു. രോഗികൾക്ക് ഭക്ഷണം നൽകാന് ടെ‍ൻഡറില്ലാതെ കരാർ നൽകിയെന്ന ആരോപണവും ഉയർന്നു. അവസരം മുതലെടുത്ത് ബിജെപി രംഗത്തെത്തി. തട്ടിപ്പിന് പിന്നിലുള്ളവരെകണ്ടെത്തണം എന്നാവശ്യപ്പെട്ട് വിജിലന്സിന് പരാതി നല‍കിയിരിക്കുകയാണ് ബിജെപി.

Top