ചെങ്ങന്നൂരില്‍ മാണിയെ കൂടെ കൂട്ടാന്‍ കേന്ദ്ര നേതൃത്വം; നിലപാടില്‍ ഉറച്ച് സിപിഐ

km mani

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കണമെന്ന് സിപിഎം-സിപിഐ കേന്ദ്രനേതൃത്വം. ഇതു സംബന്ധിച്ച തര്‍ക്കം കേരളത്തില്‍ ചര്‍ച്ചചെയ്തു തീര്‍ക്കാന്‍ ഇരു പാര്‍ട്ടികളുടെയും കേന്ദ്ര നേതാക്കള്‍ ധാരണയിലെത്തി. ഇതിനായി സംസ്ഥാന ഘടകങ്ങളെ ചുമതലപ്പെടുത്തിട്ടുണ്ട്.

എന്നാല്‍, കേരളാകോണ്‍ഗ്രസി(എം)നോടുള്ള സി.പി.ഐ.യുടെ നിലപാട് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതില്‍ ഒരു മാറ്റവുമില്ലെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്തു പറഞ്ഞു.

ഇടതു സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നീക്കങ്ങളും നടത്താനാണ് കേന്ദ്രനേതാക്കളുടെ ചര്‍ച്ചയിലെ ധാരണയായത്. വ്യാഴാഴ്ച വൈകീട്ട് എ.കെ.ജി. ഭവനില്‍ നടന്ന ചര്‍ച്ചയില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള, സി.പി.ഐ. ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി, ദേശീയ സെക്രട്ടറി ഡി.രാജ എന്നിവര്‍ പങ്കെടുത്തിരുന്നു.

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദുര്‍ബലനാണെന്നും ബി.ജെ.പി. വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും സി.പി.എം. നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇടതു സ്ഥാനാര്‍ഥിയുടെ വിജയത്തിനു മാണിവിഭാഗവുമായി സഹകരിക്കണമെന്നും സി.പി.എം. നിലപാടെടുത്തു.

എന്നാല്‍, ബാര്‍കോഴ ആരോപണം നേരിട്ട മാണിയുടെ പിന്തുണ തേടുന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന കേരള നേതൃത്വത്തിന്റെ വിമര്‍ശനം സി.പി.ഐ. കേന്ദ്രനേതാക്കള്‍ വിശദീകരിച്ചു. അതേസമയം, ഇടതുസ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കലാണ് മുഖ്യലക്ഷ്യമെന്ന് ഇരുവിഭാഗവും വിലയിരുത്തി. ഇതോടെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ സംസ്ഥാനത്തു നടത്തി വിഷയം പരിഹരിക്കണമെന്ന ധാരണയുണ്ടാക്കിയത്.

ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ സഹകരണം തേടുന്നത് ഇടതുസ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പിക്കാന്‍ മാത്രമാണെന്നുള്ള അഭിപ്രായത്തിലൂന്നിയായിരുന്നു ചര്‍ച്ച. മാണിയുടെ മുന്നണിപ്രവേശനം പരിഗണിച്ചിട്ടില്ലെന്നും ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളെത്തുടര്‍ന്ന് ഇടതുസ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കാന്‍ സാധ്യമായതു ചെയ്യാനാണ് യോഗത്തിലെ ധാരണയെന്ന് എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മാണിയെ സഹകരിപ്പിക്കുന്ന വിഷയത്തില്‍ ഇപ്പോഴുള്ള തര്‍ക്കം കേരളത്തില്‍ ചര്‍ച്ചചെയ്തു പരിഹരിക്കാനാണ് ധാരണയെന്ന് എസ്. സുധാകര്‍ റെഡ്ഡിയും വ്യക്തമാക്കിയത്.

മാണി വിഷയത്തില്‍ സി.പിഐ.ക്കുള്ളില്‍ തന്നെയാകും കേരളത്തില്‍ ആദ്യം ചര്‍ച്ച നടക്കുകയെന്നും തുടര്‍ന്ന്, ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുമെന്നും തുടര്‍ന്ന് വിഷയം ഇടതുമുന്നണി യോഗവും ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു.

അതേ സമയം വിഷയത്തില്‍ മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം എല്‍.ഡി.എഫില്‍ വന്നിട്ടില്ലെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ സി.പി.ഐ.യുടെ അഭിപ്രായം അറിയിക്കുമെന്നും സി.പി.ഐ.-സി.പി.എം. ദേശീയ നേതൃത്വങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാനായിരുന്നില്ലെന്നും മാണി വിഷയം കേരളത്തില്‍ ചര്‍ച്ച ചെയ്യാനാണ് ഈ യോഗത്തില്‍ ധാരണയായിട്ടുള്ളതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

Top