സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍,തൃശൂരില്‍ സുനില്‍ കുമാര്‍

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാര്‍ത്ഥികലെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്. പുറത്തുവന്ന വാര്‍ത്തകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കര സിഎ അരുണ്‍ കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നവരെ കളത്തിലിറക്കാനാണ് സി പി ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്.

കഴിഞ്ഞ മൂന്ന് തവണയും ശശി തരുരിന് മുന്നില്‍ പരാജയപ്പെട്ട തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാനാണ് കരുത്തനായ പന്ന്യനെ വീണ്ടും കളത്തിലിറക്കുന്നത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ആദ്യം നിലപാടെടുത്ത പന്ന്യന്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. തലസ്ഥാനത്ത് ഏറ്റവും അവസാനമായി വിജയക്കൊടി പാറിച്ച നേതാവിനെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാം എന്നാണ് സി പി ഐയുടെ കണക്കുകൂട്ടല്‍. തൃശൂരില്‍ ആദ്യം മുതലേ ഉയര്‍ന്നുകേട്ട വി എസ് സുനില്‍ കുമാറിന്റെ പേര് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ സുരേഷ് ഗോപിക്കും ടി എന്‍ പ്രതാപനും വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ജനകീയ ഇമേജിലൂടെ സുനില്‍കുമാര്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് സി പി ഐയുടെ കണക്കുകൂട്ടല്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാതിരിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രം കൂടിയാണ് ദേശീയ നേതാവായ ആനി രാജയെ കളത്തിലിറക്കുന്നതിനിടെ സി പി ഐ മുന്നോട്ട് വയ്ക്കുന്നത്.

അതേസമയം മാവേലിക്കരയിലാണ് ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി പി ഐക്ക് വെല്ലുവിളി നേരിട്ട ഏക മണ്ഡലം. ജില്ലാ കൗണ്‍സിലിന്റെ എതിര്‍പ്പ് തള്ളികളഞ്ഞാണ് സി എ അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയാണ് സി പി ഐ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയത്. സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്ന അരുണ്‍കുമാറിനെ പരിഗണിക്കാതെയും ഉള്‍പ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. എന്നാല്‍ ഈ പട്ടിക പൂര്‍ണമായും തളളിയാണ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സി പി ഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ അംഗമാണ്‌സി എ അരുണ്‍ കുമാര്‍. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ് യുവ നേതാവ്.

Top