മാവോയിസ്റ്റുകളുടെ ആക്രമണം യക്ഷിക്കഥ, ആരും വിശ്വസിക്കില്ലന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി : അട്ടപ്പാടി മഞ്ജിക്കണ്ടി വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് ബിനോയി വിശ്വം. വലിയ സേനയെ രണ്ടോ മൂന്നോ മാവോയിസ്റ്റുകള്‍ ചേര്‍ന്ന് ആക്രമിച്ചു എന്നു പറയുന്ന യക്ഷിക്കഥ വിശ്വസിക്കാന്‍ ആരും തയാറാവില്ലെന്നു അദ്ദേഹം തുറന്നടിച്ചു.

തണ്ടര്‍ ബോള്‍ട്ടിന്റെ പേരില്‍ കോടികള്‍ ചെലവാക്കുന്നതു ന്യായീകരിക്കാനുള്ള ഏറ്റുമുട്ടലുകളാണു നടക്കുന്നതെന്നു സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. ആശയത്തെ ആയുധം കൊണ്ടു നേരിടുന്നത് ഇടതുപക്ഷനയമല്ല. മാവോയിസ്റ്റുകള്‍ എന്നാല്‍ വെടിവച്ചു കൊല്ലേണ്ടവര്‍ എന്നല്ല മനസിലാക്കേണ്ടതെന്നും ബിനോയി വിശ്വം പറഞ്ഞു. ഇടതുപക്ഷത്തിന്റെ നിലപാടുകളും നയങ്ങളും അറിയാത്തവരാണു പോലീസ് സേനയിലെ ഒരു വിഭാഗമെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സിപിഐ നേതാവ് വ്യക്തമാക്കി.

തമിഴ്‌നാട് സ്വദേശി കാര്‍ത്തി, കര്‍ണാടക സ്വദേശികളായ സുരേഷ്, ശ്രീമതി എന്നിവരാണു അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടത്.

Top