CPI and AIYF against Ernakulam District collector Rajamanickam

കൊച്ചി :കളക്ടര്‍ രാജമാണിക്യത്തെ മാറ്റണമെന്ന വകുപ്പ് മന്ത്രിയുടെ നീക്കം നിരാകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ സി.പി.ഐയില്‍ കടുത്ത പ്രതിഷേധം.

സംസ്ഥാനത്തെ വ്യാവസായിക നഗരമുള്‍പ്പെടുന്ന ജില്ലാ ഭരണാധികാരിയായി കൊടിയ അഴിമതിയാണ് രാജമാണിക്യം നടത്തുന്നതെന്നാണ് സി.പി.ഐയുടെ ആരോപണം.

മുഖ്യമന്ത്രി എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍ അതിനുള്ള മറുപടി കൂടിയായാണ് കഴിഞ്ഞ ദിവസം സി.പി.ഐ യുവജന സംഘടന ‘മതി അഴിമതി’ എന്ന മുദ്രാവാക്യമുയര്‍ത്തി രാജമാണിക്യത്തിന്റെ രാജി ആവശ്യപ്പെട്ട് എറണാകുളം കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. റവന്യു വകുപ്പ് കൈയ്യാളുന്ന മന്ത്രിയുടെ പാര്‍ട്ടി തന്നെ കളക്ടര്‍ക്കെതിരെ സമരരംഗത്തിറങ്ങിയത് സിപിഎം നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.

സന്തോഷ് മാധവനുമായി ബന്ധപ്പെട്ട പുത്തന്‍വേലിക്കര ഭൂമി ഇടപാടില്‍ കളക്ടര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് പോക്കുവരവ് നടത്തിയ സംഭവത്തില്‍ കളക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നതാണ് ഇപ്പോള്‍ സി.പി.ഐ യുടെ ആവശ്യം.

ഒരു സ്ഥലമാറ്റത്തില്‍ അവസാനിക്കുമായിരുന്ന വിവാദം ഇപ്പോള്‍ കളക്ടറെ സസ്‌പെന്റ് ചെയ്യണമെന്ന നിലപാടിലേക്ക് സി.പി.ഐ യെ മാറ്റിയത് ചില ബിസിനസ്സ് ലോബികള്‍ കളക്ടര്‍ക്ക് വേണ്ടി അണിയറയില്‍ നീക്കം നടത്തിയത് കൊണ്ടാണത്രെ.

രാജമാണിക്യത്തെ ഇവിടെ നിലനിര്‍ത്താന്‍ ഭരണകൂടത്തില്‍ മാഫിയകള്‍ വന്‍സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ഇതില്‍ തന്നെ കച്ചവട താല്‍പ്പര്യം വ്യക്തമാണെന്നുമാണ് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണപക്ഷത്തിന്റെ വക്കാലത്ത് പിടിച്ച് പ്രവര്‍ത്തിച്ചവരെ ആഭ്യന്തര വകുപ്പില്‍ നിയമിച്ചപോലെ തങ്ങള്‍ കൈകാര്യം ചെയ്യുന്ന റവന്യു വകുപ്പില്‍ തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സി.പി.ഐ നേതൃത്വം.

ബാര്‍ കോഴ കേസില്‍ മന്ത്രി കെ. ബാബുവിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ മുന്‍ എറണാകുളം വിജിലന്‍സ് എസ്. പി യും കളക്ടര്‍ രാജമാണിക്യത്തിന്റെ ഭാര്യയുമായ നിശാന്തിനി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യം വിജിലന്‍സ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയ സംഭവവും മുന്നണിയില്‍ ഉന്നയിക്കാനാണ് സി.പി.ഐ നേതൃത്വത്തിന്റെ തീരുമാനം.

വഴിവിട്ട് കോണ്‍ഗ്രസ്സ് നേതാക്കളെ സംരക്ഷിച്ചയാളുകളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എ.ഐ.വൈ.എഫ് നേതൃത്വവും വ്യക്തമാക്കി.

കേന്ദ്ര സര്‍വ്വീസായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമന കാര്യങ്ങളില്‍ വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചാല്‍ പോലും മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നതിനാലാണ് രാജമാണിക്യത്തിന്റെ സ്ഥലംമാറ്റം തടയപ്പെട്ടത്.

മുഖ്യമന്ത്രിയെ ചില കേന്ദ്രങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതായാണ് സി.പി.ഐ നേതൃത്വം സംശയിക്കുന്നത്. സമാനമായ രൂപത്തില്‍ ആഭ്യന്തര വകുപ്പില്‍ കളങ്കിതരായ ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിയമനം ലഭിച്ചതും മുഖ്യമന്ത്രിയുടെ ‘തെറ്റിദ്ധാരണ’ മൂലമാണെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

ഘടക കക്ഷികള്‍ക്ക് മുന്നണി മര്യാദ അനുസരിച്ച് അനുവദിച്ച വകുപ്പുകളില്‍ ഐ.എ.എസുകാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കാന്‍ അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇങ്ങനെ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചാല്‍ കാര്യങ്ങള്‍ വഷളാകുമെന്നുമാണ് സി.പി.ഐ സംസ്ഥാന നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നത്.

ഭക്ഷ്യവകുപ്പ് ഉള്‍പ്പെടെയുള്ള തങ്ങളുടെ മറ്റ് വകുപ്പുകളിലും ഐ.എ.എസുകാരുടെ നിയമനം മുഖ്യമന്ത്രി അടിച്ചേല്‍പ്പിക്കുന്നതും സി.പി.ഐ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

രാജമാണിക്യത്തെ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതൃത്വം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്.

Top