ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായി സി.പി.ഐ

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായി സി.പി.ഐ. രംഗത്തേക്ക്. രഞ്ജിത്തിനെ പരസ്യമായി പിന്തുണച്ചതിലുള്ള അതൃപ്തി മന്ത്രി സജി ചെറിയാനെ സി.പി.ഐ.യുടെ മുതിര്‍ന്നനേതാക്കള്‍ അറിയിച്ചതായാണ് വിവരം.

രഞ്ജിത്തിനെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരികമന്ത്രിക്കും പരാതിനല്‍കിയ സംവിധായകന്‍ വിനയനുപിന്നില്‍ സി.പി.െഎ. ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയാണ്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരില്‍ സി.പി.ഐ. പ്രതിനിധിയായി ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍സ്ഥാനം വഹിച്ച വിനയന് മുതിര്‍ന്നനേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

”വിനയന്റെ പരാതി തുടര്‍നടപടിക്കായി സാംസ്‌കാരികവകുപ്പിന് കൈമാറിയ മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ഇടപെടലുണ്ടായെന്ന് ജൂറിയംഗങ്ങള്‍ത്തന്നെ വെളിപ്പെടുത്തിയതിനാല്‍ അന്വേഷണം നടത്തി നടപടിയെടുക്കണം” -സി.പി.ഐ. ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ. പ്രകാശ്ബാബു പറഞ്ഞു.

വിനയന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് വ്യാഴാഴ്ച എ.ഐ.വൈ.എഫ്. മുഖ്യമന്ത്രിക്ക് കത്തും നല്‍കി. അക്കാദമിക്ക് പുറത്തുള്ളവരെക്കൊണ്ട് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ജൂറിയംഗങ്ങളുടെ വെളിപ്പെടുത്തലുകളുടെ ശബ്ദരേഖയും കത്തിനൊപ്പം മെയില്‍ ചെയ്തിട്ടുണ്ട്.

Top