മൂന്നാര്‍ കൈയേറ്റം ; നിലപാടുറപ്പിച്ച് സിപിഐ: റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ പ്രശ്‌നത്തില്‍ നിലപാടുറപ്പിച്ച് സിപിഐ. മുഖ്യമന്ത്രി ജൂലൈ ഒന്നിന് വിളിച്ചുചേര്‍ത്തിരിക്കുന്ന ഉന്നതതലയോഗം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ കത്ത് നല്‍കി.

കൈയേറ്റക്കാരുടെ പരാതി പ്രകാരമാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഇത്തരക്കാരുടെ പരാതിയില്‍ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചെറുകിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കില്ലെന്ന കഴിഞ്ഞ സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തിന് വിരുദ്ധമാണ് നടപടിയെന്ന് കാണിച്ച് എം.എം.മണി ഉള്‍പ്പടെയുള്ള ഇടുക്കിയിലെ നേതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ ഉന്നതതലയോഗം വിളിക്കാന്‍ റവന്യൂമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്നും മന്ത്രി എം എം മണി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

Top