cpi against cpm

cpi

തിരുവനന്തപുരം: സിപിഎമ്മിനും എസ്എഫ്‌ഐക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം രംഗത്ത്.

ലോ അക്കാദമി വിദ്യാര്‍ഥി സമരത്തെ പൊളിക്കാനും ഒറ്റുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ അകത്തുനിന്നും പുറത്തുനിന്നുമുണ്ടായെന്നും വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്‌മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലര്‍ പ്രവര്‍ത്തിച്ചെന്നും ജനയുഗം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

മുഷ്‌ക്കില്ലാതെയും അവധാനതയോടെയും ഉത്തരവാദപ്പെട്ടവര്‍ സമീപിച്ചിരുന്നുവെങ്കില്‍ എത്രയോ നേരത്തേ തന്നെ അവസാനിക്കുന്നതായിരുന്നു ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരമെന്നും വിമര്‍ശനമുണ്ട്.

വിദ്യാര്‍ഥി സമരചരിത്രത്തിലെ വേറിട്ട അധ്യായമാണ് തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥികളുടേത്. തന്റെ പദവിയും സാമൂഹ്യസ്വാധീനവും ഉപയോഗിച്ച് ചട്ടങ്ങളേയും കീഴ് വഴക്കങ്ങളേയും കാറ്റില്‍പറത്തുകയാണ് ഇവിടത്തെ പ്രിന്‍സിപ്പല്‍ ചെയ്തുപോന്നത്. അതുകൊണ്ടാണ് ലക്ഷ്മിനായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് തുടരരുതെന്ന ആവശ്യം ശക്തമായി വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സമാനവും പരിഹൃതമാകേണ്ടതുമാണെങ്കിലും അതിന് കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍ വരമ്പുകളിടാന്‍ ചില കോണുകളില്‍നിന്ന് ശ്രമങ്ങളുമുണ്ടായി. പക്ഷേ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി സമരം തുടരുകയായിരുന്നു.

വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചാണ് സമരമുഖത്ത് ഉറച്ചുനിന്നത്. എന്നാല്‍ സമരത്തെ പൊളിക്കാനും ഒറ്റുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ അകത്തും പുറത്തും നിന്നുമുണ്ടായി. സമരത്തില്‍ നിന്ന് പിന്‍മാറാനുള്ള ശ്രമങ്ങള്‍ പല വഴിക്കാണ് നടത്തിയത്. സമ്മര്‍ദങ്ങള്‍ ഉപയോഗിച്ചും വീട്ടുകാരെ ഭയപ്പെടുത്തിയുമൊക്കെ അതിനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന് വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്‌മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലരെങ്കിലും പ്രവര്‍ത്തിച്ച അനുഭവവും ഈ സമരമുഖത്തു കാണാനായി. അതുകൊണ്ടാണ് സമരം ഒരു മാസത്തോളം നീണ്ടുപോയത്.

വിദ്യാഭ്യാസരംഗത്ത് സ്വകാര്യതാല്‍പര്യങ്ങള്‍ ആധിപത്യം നേടിയതിന്റെ ദുരന്തഫലങ്ങളാണ് ലോ അക്കാദമിയും പാന്പാടി നെഹ്‌റു കോളജും ടോംസ് കോളജുമുള്‍പ്പെടെയുള്ളവയെന്നും ജനയുഗം വിമര്‍ശിക്കുന്നു.

Top