cpi against cm pinaray vijayan; legue support cpm

തിരുവനന്തപുരം: സിപിഐ-സിപിഎം ബന്ധം വഷളായാല്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കാനൊരുങ്ങി ലീഗിലെ ഒരു വിഭാഗം.

പിണറായി മുണ്ടുടുത്ത മോദിയാണെന്നതരത്തില്‍ സിപിഐ സംസ്ഥാന നേതൃത്വയോഗത്തില്‍ വിമര്‍ശനമുയര്‍ന്നതും മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം മുഖ്യമന്ത്രി വിളിച്ചതിലുളള പ്രതിഷേധവുമെല്ലാം സിപിഎം-സിപിഐ ബന്ധം വഷളാകുന്നതിന്റെ സൂചനയായിട്ടാണ് മുസ്ലീംലീഗ് നേതൃത്വം കാണുന്നത്.

ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ ഡയറിയില്‍ എന്‍.സി.പി അംഗം എ.കെ ശശീന്ദ്രന്റെ പേരു കഴിഞ്ഞ് സിപിഐ മന്ത്രിമാരുടെ പേരുകള്‍ അച്ചടിച്ചതും രൂക്ഷമായ പ്രതിഷേധമാണ് സിപിഐ നേതൃത്വത്തിനിടയിലുണ്ടാക്കിയിരിക്കുന്നത്.

ഇതേതുടര്‍ന്ന് ഡയറികള്‍ അച്ചടിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സിപിഐയുടെ പ്രതിഷേധം മിച്ചിട്ടില്ല.

നേരത്തെ മന്ത്രിസഭയിലെ രണ്ടാമന്‍ ആരാണെന്നതിനെ ചൊല്ലിയും, സിപിഐക്കാരനായ റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടും ഇ.പി ജയരാജന്‍ മന്ത്രിയായിരിക്കെ വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു.

സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രിയടക്കം സിപിഎം നേതൃത്വം ഇടപെടേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.

അതുകൊണ്ട് തന്നെയാണ് സിപിഐ നേതൃത്വത്തിനോട് ആലോചിക്കാതെ സിപിഐ മന്ത്രിമാരുടെ സ്റ്റാഫിനെയടക്കം പങ്കെടുപ്പിച്ച് യോഗം നടത്തിയത് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

അനധികൃത ഇടപെടലും, ബാഹ്യ സ്വാധീനവും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്കു പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കരുതലെന്ന രീതിയില്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് എല്ലാ മന്ത്രിമാരുടെയും സ്റ്റാഫിന്റെ യോഗം വിളിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

സിപിഐക്കാരനായ ഭക്ഷ്യ മന്ത്രിയുടെ വകുപ്പിലെ ചില ഇടപെടലുകളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.

സിപിഎം മന്ത്രി കടകംപള്ളിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ വന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടപ്പെട്ടതിനെ തുടര്‍ന്ന് ആരോപണ വിധേയനെ ഒഴിവാക്കിയിരുന്നു.

സിപിഐ മന്ത്രിമാരെ സംബന്ധിച്ചും അവരുടെ സ്റ്റാഫിനെ സംബന്ധിച്ചും എത്ര ഗൗരവമായ ആരോപണമുയര്‍ന്നാലും അവരെ സംബന്ധിച്ച കാര്യങ്ങളില്‍ സിപിഐ സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കുകയെന്നും മുഖ്യമന്ത്രിയല്ലന്നുമാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.

ഇതെല്ലാം വരും ദിവസങ്ങളില്‍ സിപിഐ നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള രൂക്ഷമായ ഭിന്നതക്ക് വഴിമരുന്നിടാനാണ് സാധ്യത.

മന്ത്രിമാരുടെ വകുപ്പുകളില്‍ നടക്കുന്ന ഇടപെടലുകള്‍ ഒഴിവാക്കാന്‍ ഇന്റലിജന്‍സ് നിരീക്ഷണം ഇതിനകം തന്നെ ഏര്‍പ്പെടുത്തിയതായാണ് അറിയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ ‘ഇടപെടാന്‍’ അനുവദിക്കില്ലന്ന സിപിഐ നേതൃത്വത്തിന്റെ നിലപാട് ഒടുവില്‍ സിപിഐയെ മന്ത്രിസഭയില്‍ നിന്ന് തെറിപ്പിക്കുന്ന സാഹചര്യമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ലീഗീലെ പ്രബല വിഭാഗം.

നിയമസഭയില്‍ 19 അംഗങ്ങളാണ് സിപിഐക്കുള്ളത്. കേരള കോണ്‍ഗ്രസ്സ് അടക്കം സിപിഎം ഒന്നു വിരല്‍ ഞൊടിച്ചാല്‍ ഇടത് പാളയത്തിലേക്കെത്താന്‍ റെഡിയായി നില്‍ക്കുന്ന പാര്‍ട്ടികളുണ്ടെങ്കിലും 18 അംഗങ്ങളുള്ള ലീഗിന്റെ പിന്‍തുണ ‘ഭാവി’ യിലെ നേട്ടം മുന്‍നിര്‍ത്തി സിപിഎം തേടുമെന്നാണ് ഈ വിഭാഗത്തിന്റെ പ്രതിക്ഷ.

കോണ്‍ഗ്രസ്സിലെ ഉരുള്‍പ്പൊട്ടലില്‍ അസംതൃപ്തനായ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ‘ഇങ്ങനെ പോയാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍’ ആലോചിക്കേണ്ടിവരുമെന്ന് യുഡിഎഫ് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതില്‍ തന്നെ ലീഗിന്റെ നയമാറ്റം വ്യക്തമാണ്.

സര്‍വ്വ സന്നാഹമൊരുക്കി കേന്ദ്രസര്‍ക്കാരിന്റെ പിന്‍തുണയോടെ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ഇടതുമായി നീക്കുപോക്ക് ഉണ്ടാക്കിയാല്‍ അതിന് ന്യായീകരണമുണ്ടാകുമെന്ന നിലപാട് പികെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിനുണ്ട്.

കേന്ദ്രത്തില്‍ ബിജെപിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സ്വീകരിക്കുന്നത് പോലെയുള്ള കടുത്ത നിലപാട് പോലും കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിക്കാത്തതും പ്രതിപക്ഷ പാര്‍ട്ടികളിലെ ഭിന്നതയുമെല്ലാം ബിജെപിക്ക് ബദലാവാന്‍ കോണ്‍ഗ്രസ്സിന് കഴിയുമോ എന്ന ചോദ്യത്തിലേക്ക് ലീഗ് അണികളേയും മാറ്റിയിട്ടുണ്ട്.

ദേശീയതലത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ കൂട്ടായ്മയുണ്ടായാല്‍ മാത്രമേ ബിജിപിയെ നേരിടാന്‍ പറ്റു എന്ന നിലപാടാണ് സിപിഎമ്മിനുമുള്ളത്.

പൊതുശത്രുവിനെതിരെ ‘ഐക്യനിര’ എന്ന കാരണം പറഞ്ഞ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ പരസ്പര സഹായത്തിന് സിപിഎമ്മും ലീഗും സഹകരിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് കേരളത്തില്‍ ഭരണ തുടര്‍ച്ച സാധ്യമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.

പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ തുടങ്ങിയ തീവ്ര നിലപാടുകാരായ സംഘടനകള്‍ക്കെതിരെ കടുത്ത നിലപാട് ലീഗ് സ്വീകരിച്ച് വരുന്നതിനാല്‍ ഇനിയും ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയായി ലീഗിനെ കാണാന്‍ സിപിഎം തയ്യാറാകില്ലെന്നാണ് ലീഗിലെ ഒരു വിഭാഗം കരുതുന്നത്.

കൂത്തുപറമ്പില്‍ എം.വി നികേഷ് കുമാറിനെ ലീഗിലെ കെ.എം ഷാജിക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞത് തന്നെ തീവ്ര മുസ്ലീം സംഘടനകള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടതുകൂടികൊണ്ടാണെന്ന് സിപിഎം നേരത്തെതന്നെ വിലയിരുത്തിയിരുന്നതുമാണ്.

സംസ്ഥാനത്തെ പ്രബല പാര്‍ട്ടി ആയിരുന്നിട്ടും ലീഗിനായി യുഡിഎഫ് നീക്കിവെക്കുന്ന സീറ്റിനേക്കാള്‍ വളരെ കൂടുതലാണ് ഇടതു മുന്നണിയില്‍ സിപിഐക്ക് നല്‍കി വരുന്നത്. ഇക്കാര്യത്തില്‍ വല്ല്യേട്ടനായ സിപിഎമ്മിനുള്ളില്‍ ഏറെ കാലമായി വലിയ പ്രതിഷേധവുമുണ്ട്.

ലീഗിനെപോലെ ജനസ്വാധീനമുള്ള ഒരു പാര്‍ട്ടി ഇടത് മുന്നണിയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഭരണ തുടര്‍ച്ച എന്നോ സാധ്യമാകുമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.

എന്നാല്‍ സിപിഐ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് എന്ത് നിര്‍ണ്ണായക തീരുമാനമെടുക്കുന്നതിനും സിപിഎമ്മിന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ആവശ്യമാണ്. സിപിഐ സംസ്ഥാന നേതൃത്വത്തിനാകട്ടെ സിപിഐ ദേശീയ കൗണ്‍സിലിന്റെ അനുമതിയില്ലാതെ മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റുകയുമില്ല.

രണ്ട് പാര്‍ട്ടികളുടെയും ദേശീയ നേതൃത്വങ്ങള്‍ക്ക് കേരളഘടകങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാനുള്ള ശേഷി സംഘടനാതലത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തിലില്ലന്നതാണ് പുതിയ ‘അഭ്യൂഹങ്ങള്‍ക്ക്’ ശക്തിപകരുന്നത്.

സിപിഎം-സിപിഐ ബന്ധം വഷളായി പൊട്ടിത്തെറിയില്‍ കലാശിച്ചാല്‍ വലതുപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐ വലതുപക്ഷ മുന്നണിയായ യുഡിഎഫിലേക്കും ലീഗ് സിപിഎം മുന്നണിയിലേക്കും എത്തിയാലും അത്ഭുതപ്പെടേണ്ടതില്ലന്ന തലത്തിലേക്കാണ് കാര്യങ്ങളുടെ
ഇപ്പോഴത്തെ പോക്ക്.

മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ സ്ഥിരമായ ശത്രുത ആരോടും ഇല്ലെന്ന് ലീഗിലെ പ്രബലവിഭാഗം തന്നെ വ്യക്തമാക്കുമ്പോള്‍ അത് കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിക്കാവുന്ന സൂചന നല്‍കുന്നതാണ്.

വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തില്‍ രാജ്യത്ത് ഏറ്റവും വിശ്വസിക്കുന്ന പങ്കാളി സിപിഎം ആണെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ ലീഗ് നേതൃത്വത്തിനും, ജനസ്വാധീനമില്ലാത്ത പാര്‍ട്ടികളുടെ സമ്മര്‍ദ്ദവുമായി മുന്നോട്ട് പോവുന്നതിലും നല്ലത് ഭരണതുടര്‍ച്ച ഉറപ്പുവരുത്തുന്ന പുതിയ സഖ്യമാണെന്ന് സ്വന്തം അണികളെ ബോധ്യപ്പെടുത്താന്‍ സിപിഎം നേതൃത്വത്തിനും കഴിഞ്ഞാല്‍ അത് പുതിയ ചരിത്രമാവും.

ദേശീയതലത്തില്‍ ഇടതുപക്ഷത്തെ രണ്ടാമത്തെ കക്ഷിയാണ് സിപിഐയെങ്കിലും ബംഗാളില്‍ പോലും ആര്‍എസ്പിക്കുള്ള സ്വാധീനം പോലും സിപിഐക്കില്ല എന്നതിനാല്‍ സിപിഎമ്മിനെ സംബന്ധിച്ച് സിപിഐ എന്നും ‘അനിവാര്യമായ’ സഖ്യകക്ഷിയാവണമെന്നില്ലന്നാണ് ഇടത് ചിന്തകരും അഭിപ്രായപ്പെടുന്നത്.

Top