cpi activists migrate to cpm

മലപ്പുറം: നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ആയിരം കുടുംബങ്ങള്‍ സി.പി.എമ്മില്‍ ചേര്‍ന്നുവെന്ന പ്രഖ്യാപനം സി.പി.എം നേതൃത്വത്തെ വെട്ടിലാക്കുന്നു.

പരിപാടി സംഘടിപ്പിച്ച പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും സി.പി.എമ്മില്‍ ചേര്‍ന്നോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും സി.പി.എമ്മില്‍ നിന്ന് 150 കുടുംബങ്ങള്‍ സി.പി.ഐയിലേക്ക് പോകുന്നതുമാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്.

നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വമുള്ള ഒരാളുപോലും സി.പി.എമ്മിലേക്കു പോയിട്ടില്ല, ഉണ്ടെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വാദമെങ്കില്‍ അവരുടെ പേരും വിലാസവവും വെളിപ്പെടുത്തണമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി ആവശ്യപ്പെട്ടിരിക്കുന്നത്.

സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലാണ് ആയിരം കുടുംബങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി പ്രഖ്യാപനമുണ്ടായിരുന്നത്.

ചടങ്ങില്‍ പാര്‍ട്ടി അംഗമല്ലാത്ത എം.എല്‍.എ ആധ്യക്ഷത വഹിച്ചതും. എം.എല്‍.എയും കുടുംബവും പാര്‍ട്ടിയില്‍ ചേരാത്തതുമാണ് നേതൃത്വത്തെ കുഴക്കുന്നത്. 300 പേര്‍ക്കിരിക്കാന്‍ കസേരയിട്ട് എങ്ങിനെ 1000 കുടുംബങ്ങളെ ഇരുത്തുമെന്ന ചോദ്യത്തിന് മറുപടിയില്ല.

നിലമ്പൂര്‍, എടക്കര ഏരിയാ കമ്മിറ്റികളില്‍ നിന്നായി 1785 പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നുവെന്നാണ് ഏരിയാ സെക്രട്ടറി പത്മാക്ഷന്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താതെ ഇതെല്ലാം പാര്‍ട്ടി ഓഫീസിലും എം.എല്‍.എ ഓഫീസിലും ഉണ്ടെന്നായിരുന്നു അറിയിപ്പ്.

പുതുതായി പാര്‍ട്ടിയിലെത്തിയവരെ ആര്‍.ടി.ഒ ഓഫീസ് പരിസരത്തുനിന്നും ചുവന്ന റിബ്ബണ്‍ കഴുത്തില്‍ അണിയിച്ച് പ്രകടനമായി സ്വീകരണ സമ്മേളന വേദിയില്‍ എത്തിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ അവസാന നിമിഷം പ്രകടനവും ഉപേക്ഷിക്കുകയായിരുന്നു.

സി.പി.എമ്മിലെ വിഭാഗീയതയെത്തുടര്‍ന്ന് നിലമ്പൂരില്‍ 100 പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ സി.പി.ഐയില്‍ ചേര്‍ന്നിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് രണ്ട് കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാനുമായി. സി.പി.ഐക്ക് കാര്യമായ വേരോട്ടമില്ലാതിരുന്ന നിലമ്പൂരില്‍ ഇപ്പോള്‍ സി.പി.ഐ ശക്തമായ സാന്നിധ്യമാണ്.

സി.പി.എമ്മില്‍ നിന്നടക്കം 150 കുടുംബങ്ങള്‍ സി.പി.ഐയില്‍ ചേരുന്ന ചടങ്ങ് നവംബര്‍ അഞ്ചിന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുകയാണ്.

ഇതിനു തടയിടാന്‍ തട്ടിക്കൂട്ടിയതാണ് 1000 കുടുംബങ്ങളുടെ സി.പി.എം പ്രവേശനം എന്ന ആരോപണം സി.പി.ഐയും ഉയര്‍ത്തുന്നുണ്ട്. കോടിയേരി എത്തിയ പാര്‍ട്ടിപ്രവേശന ചടങ്ങില്‍ എല്‍.ഡി.എഫിലെ സി.പി.ഐ ഒഴികെയുള്ള ഘടകകക്ഷി നേതാക്കളെയും ക്ഷണിച്ചിരുന്നു.

Top