സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം

അമരാവതി: സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും. ബിആര്‍പിഎസ് റോഡില്‍ നിന്നാണ് പ്രകടനം ആരംഭിക്കുക. സിങ് നഗറിലെ എം പി സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ സി രാജേശ്വര്‍ റാവു നഗറില്‍ 3 മണിക്കാണ് പൊതുസമ്മേളനം. 15ന് കട്ര ഗഡ്ഡ പിച്ചയ തെരുവിലെ ഗുരുദാസ് ഗുപ്ത നഗറില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.

മുതിര്‍ന്ന നേതാവ് ആര്‍ നല്ലകണ്ണ് ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ജി ദേവരാജന്‍(ഫോര്‍വേഡ് ബ്ലോക്ക്) എന്നിവര്‍ ഉദ്ഘാടന സമ്മേളത്തില്‍ പങ്കെടുക്കും.

രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. 16,17 തിയതികളില്‍ പൊതു ചര്‍ച്ച, കമ്മീഷന്‍ ചര്‍ച്ച. കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരണം എന്നിവ നടക്കും. 18ന് ദേശീയ കൗണ്‍സില്‍, സെക്രട്ടേറിയറ്റ്, ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പും നടക്കും. 900 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കൊല്ലത്ത് നിന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള പതാക ജാഥ പുറപ്പെട്ടത്.

Top