ഓരോ ആൾക്കൂട്ട കൊലപാതകങ്ങൾക്കു പിന്നിലും അജണ്ടകളുണ്ട്, തിരിച്ചറിയണം

ശു സംബന്ധിയായ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ആളുകളുടെ പെട്ടെന്നുള്ള പ്രതികണങ്ങളായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. എന്നാല്‍ അതിനുമപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. ആക്രമിക്കപ്പെട്ട് ആളുകളെക്കൊണ്ട് ഗോമാതാ കീ ജയ് വിളികള്‍ നടത്താറുണ്ട്, ഒപ്പം ജയ് ഹനുമാന്‍ വിളികളും. ബീഫ് കടത്തുന്ന, കഴിക്കുന്ന, ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഹിന്ദുക്കള്‍ക്ക് ലഭിക്കുന്ന പരിഗണന മുസ്ലീം സമുദായക്കാര്‍ക്ക് ലഭിക്കുന്നില്ല എന്നാണ് നിരീക്ഷണങ്ങളിലൂടെ വ്യക്തമാകുന്നത്.

പെഹ്ലു ഖാന്റെ ട്രക്ക് ഡ്രൈവര്‍ക്കുള്ള ശിക്ഷ ചെറിയ അടിയില്‍ ഒതുങ്ങി. മുസ്ലീങ്ങള്‍ സമാനമായ ആരോപണത്തില്‍ ക്രൂരമായി തല്ലിച്ചതയ്ക്കപ്പെടുമ്പോഴും മരണപ്പെടുമ്പോഴാണിത്‌. 2015 മുതല്‍ 18 വരെയുളള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ അവയൊന്നും പെട്ടെന്നുണ്ടായ പ്രതികരണങ്ങളല്ലെന്ന് കാണാന്‍ സാധിക്കും. സജ്ജരായിരിക്കുന്ന ചില കൂട്ടങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങള്‍ക്കും അക്കാര്യത്തില്‍ തുല്യമായ പ്രാധാന്യമുണ്ട്.

ദേശീയ ഹിന്ദു സംഘടനയെന്ന് സ്വയം അവകാശപ്പെടുന്ന ഗോരക്ഷാ ദളിന് രാജ്യ വ്യാപകമായ സംഭവവികാസങ്ങളില്‍ പങ്കാളിത്തമുണ്ട്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെല്ലാം അവര്‍ക്ക് കൃത്യമായ ശക്തി കേന്ദ്രങ്ങളുണ്ട്. ഗോരക്ഷകരുടെ എബ്ലത്തില്‍ എകെ 47 തോക്കുകള്‍ ദൃശ്യമായതിലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നു പറയാം. ക്രിക്കറ്റ് ബാറ്റുകളും ഹോക്കി സ്റ്റിക്കുകളുമെല്ലാമാണ് പശു സംരക്ഷണത്തിനായി തെരഞ്ഞെടുക്കുന്നത്.

ഹരിയാനയില്‍ പോലീസും ഗോരക്ഷാ പ്രവര്‍ത്തകരും സമാന്തരമായി പ്രവര്‍ത്തിക്കുന്നതിനെ ദി കാരവന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ അമ്മയുടെ നാമത്തില്‍’ എന്ന് പേരിട്ട അന്വേഷണാത്മക ലേഖനത്തില്‍ ഇഷാന്‍ മാര്‍വെല്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് എല്ലാ ജില്ലകളിലും ആളുകളുണ്ട്. നിരീക്ഷണ സംവിധാനങ്ങളുണ്ട്. ‘കള്ളക്കടത്ത്’ എവിടെയെങ്കിലും കണ്ടെത്തിയാല്‍ വലിയ നേതാക്കളെയും പോലീസിനെയും അവര്‍ വിവരമറിയിക്കുന്നു. പൊലീസിന് ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്നാണ് ഇത്തരം സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നത്. ഗോ സംരക്ഷക സേന ഹരിയാന പൊലീസിനകത്ത് ഔദ്യോഗികമായിയും അനൗദ്യോഗികമായും ശക്തിപ്രാപിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബീഫ് നിരോധിച്ച മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യമെടുക്കാം, മഹാരാഷ്ട്രയിലും സമാനമായ സംവിധാനങ്ങള്‍ നിലവിലുണ്ട്. പ്രത്യേകമായി സാംസ്‌ക്കാരിക ഗോരക്ഷാ പ്രവര്‍കത്തകരെ പൊലീസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സേനയിലേയ്ക്ക് റിക്രൂട്ട ചെയ്യുന്നുമുണ്ട്!!!!..

ഗോരക്ഷാ സമിതിയുടെ ദേശീയ ഉപാദ്ധ്യക്ഷനായ യോഗേന്ദ്ര ആര്യയാണ് ഹരിയാന സര്‍ക്കാരിന്റെ ഗോസംരക്ഷണ സ്ഥാപനത്തിന്റെ അധിപന്‍. ഇയാളെക്കൂടാതെ സ്ഥാപന മേധാവികളായ മറ്റ് പത്ത് പേരും വര്‍ഷങ്ങളായുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ഇതില്‍ നിന്നും സര്‍ക്കാരുകളും ‘സംസ്‌ക്കാര സംരക്ഷകരും’ തമ്മില്‍ വ്യത്യാസങ്ങള്‍ ഇല്ലാതാകുന്നു.

സ്വകാര്യ ആശങ്ങളും അവരുടെ കടന്നുകയറ്റവും ഒരു സര്‍ക്കാര്‍ നയരൂപീകരണത്തില്‍ കടന്നു കൂടുമ്പോള്‍ സമൂഹം അങ്ങേയറ്റം അധ:പതിയ്ക്കുന്നവെന്ന് സാമൂഹ്യ ചിന്തകര്‍ ഇതിനകം നിരവധി പഠനങ്ങളും അഭിപ്രായ പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. അത്തരം മുന്നറിയിപ്പുകളില്‍ വെച്ച് വര്‍ത്തമാന കാലത്തെ സംഭവ വികാസങ്ങള്‍ നിര്‍വ്വചിക്കുമ്പോള്‍ ഭാവി ചിന്തകള്‍ ആകുലതകള്‍ നിറഞ്ഞതാണെന്ന് വ്യക്തം.

രാഷ്ട്രരൂപീകരണം ഏത് വിധമാകുമെന്നതിന്റെ ഒടുവിലത്തെ ലക്ഷണങ്ങളാണ് ഇവയെല്ലാം. ഐഡിയോളജികള്‍ നിര്‍ബന്ധമാക്കുന്നതാണ്‌ വലിയ അപരാധം. ഭൂരിപക്ഷത്തിന്റെ അഭിപ്രായം രാജ്യത്തിന്റെ ആശയമാകണമെന്നും അത് മാത്രമേ പ്രാവര്‍ത്തികമാകൂ എന്നും വാശി പിടിക്കുന്നത് അത്യന്ത്യം ദുരന്തമാണ്. ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്റെ പേരില്‍ വാശി പിടിക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണെങ്കില്‍ അതില്‍
അധികാരത്തിന്റെ ചേരുവകള്‍ കൂടിയാകുമ്പോള്‍ അത്യന്തം അപകടകരമാകുന്നു.

സംഘപരിവാര്‍, ബിജെപി ഇന്ത്യയില്‍ നിറഞ്ഞിരിക്കുന്നത്‌ ഒരു സര്‍ക്കാര്‍ എന്ന രീതിയില്‍ മാത്രമല്ല. അടുത്തിടെ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൊലീസ് ഉദ്യോഗസ്ഥന്‍ കുനിഞ്ഞ് തൊഴുതത്‌ കാവിയെ ആത്മീയമായിക്കൂടി ആളുകള്‍ കാണുന്നു എന്നതിന്റെ തെളിവാണ്. അത്രയ്ക്ക് അടിവേരുകളുണ്ട് ഇന്ത്യന്‍ മനസ്സുകളില്‍ കാവിനിറത്തിന്. ഇതിനു മുമ്പൊന്നും ഒരു രാഷ്ട്രീയ നേതാക്കള്‍ക്കും രാജ്യത്ത് ലഭിക്കാതിരുന്ന വൈകാരികമായ സ്വീകാര്യതയാണത്.

നാട്ടുകൂട്ട വിചാരണകള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും അധികാരികളുടെ ആശിര്‍വാദമുണ്ട്. വളരെക്കുറച്ച്‌ ആളുകളെയാണ് പിടികൂടുന്നത്. അവരെപ്പോലും ജാമ്യത്തില്‍ വിടുന്നു. ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭരണഘടനാ സംവിധാനം കടലാസുകളില്‍ മാത്രം ഒതുങ്ങുന്നതായി മാറും.

ഇതിനെല്ലാം ഇനിയും അവസരങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഹിന്ദുരാഷ്ട്രം എന്നത് വിദൂരമല്ലാത്ത ഒരു യാഥാര്‍ത്ഥ്യം തന്നെയാകും. ‘ഭരണ ഘടനാ സര്‍ക്കാരിന്റെ’ പേരില്‍ ഭരിക്കുന്ന മറ്റൊരു ഹിന്ദുത്വ ഭരണ സംവിധാനമായിരിക്കും അതിന്റെ അടിസ്ഥാന ഘടന. ഒരു ഭരണ ഘടനാ ഭേദഗതികള്‍ക്കപ്പുറം പ്രതിരോധ ശബ്ദങ്ങള്‍ക്ക് സ്ഥാനമില്ല.

അതുകൊണ്ട് മനസ്സിലാക്കണം… ഓരോ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു പിന്നിലും അജണ്ടകളുണ്ട്. ചിലരുടെ അറിവോടെ നമ്മളില്‍ കടന്നു കൂടുന്ന രാഷ്ട്രീയത്തിന്റെയും രാഷ്ട്ര സങ്കല്‍പ്പങ്ങളുടെയും നിഴലുകള്‍ അതില്‍ കാണാന്‍ സാധിക്കും…..

റിപ്പോര്‍ട്ട് : എ.ടി അശ്വതി

Top