ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏകമൃഗം പശു; അലഹബാദ് ഹൈക്കോടതി ജഡ്ജി

അലഹബാദ്: പശുവാണ് ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍കുമാര്‍ യാദവ്. പശുവിനെ കശാപ്പ് ചെയ്ത കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ടാണ് ജഡ്ജിയുടെ പരാമര്‍ശം.

ഓക്സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന മൃഗമാണ് പശുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പശുവിനെ ദേശീയമൃഗമാക്കണമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.

പശുവിന്റെ നെയ്യ്, ചാണകം, പാല്‍, മൂത്രം, തൈര് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചഗവ്യം നിരവധി മാറാ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും ജഡ്ജി നിരീക്ഷിച്ചു. ഒരു പശുവിന്റെ ജീവിതകാലത്തില്‍ 400 മനുഷ്യര്‍ക്കുള്ള പാല്‍ ഉല്‍പാദിപ്പിക്കുന്നു. എന്നാല്‍, 80 പേര്‍ക്കുള്ള ഇറച്ചി മാത്രമാണ് പശുവില്‍ നിന്ന് ലഭിക്കുകയെന്നും ദയാനന്ദ സരസ്വതിയെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

ഒരു പശുവിനെയോ കാളയെയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. പശുവിന്റെ നിലനില്‍പ്പ് ഇന്ത്യന്‍ സംസ്‌കാരത്തിന് അത്യാന്താപേക്ഷികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top