കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അമ്മയോളം കരുതല്‍ കാണില്ല മറ്റാര്‍ക്കും ; ഹൃദയ സ്പര്‍ശിയായ വീഡിയോ

Cow, Follows

ബെംഗളൂര്‍: കുഞ്ഞുങ്ങള്‍ക്ക് വയ്യാതായാല്‍ അമ്മമാരുടെ ഉള്ളം പിടയും. അത് മനുഷ്യരായാലും മൃഗങ്ങളായാലും മാതൃഹൃദയത്തിന്റെ വേദന ഒന്നുതന്നെ. പലപ്പോഴും മനുഷ്യരെപോലും അത്ഭുതപ്പെടുത്തുന്നതാണ് മൃഗങ്ങളുടെ സ്‌നേഹവും കരുതലും.

ഇത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റ കിടാവിനെയും കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന അമ്മപ്പശുവാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഉത്തരകര്‍ണാടകയിലെ ഹവേരിയിലാണ് കണ്ണ് നനയിക്കുന്ന കാഴ്ച.

ജയപ്രകാശ് നാരായണ്‍ ചൗക്കിലൂടെ ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടുപോകുന്ന രണ്ടരമാസം പ്രായമുള്ള കിടാവിനു പിന്നാലെ അമ്മപ്പശു പോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. മുറിവും അതിനെ തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും മൂലമാണ് കിടാവിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചത്.

അര കിലോമീറ്റര്‍ ദൂരമാണ് അമ്മപ്പശു ലോറിയെ പിന്‍തുടര്‍ന്നത്‌. മൂന്നുദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും കിടാവ് ആരോഗ്യനില വീണ്ടെടുത്തതായും ഹവേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ എച്ച് ഡി സുന്നാകി പറഞ്ഞു.എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Top