ഡെവോണിൽ നടക്കാനിറങ്ങിയ വൃദ്ധനെ പശു ആക്രമിച്ചു; രക്ഷകനായി നായ; ഫാം ഉടമയ്ക്ക് വന്‍തുക പിഴ

ഡെവോണ്‍: നായയുമൊന്നിച്ച് പുല്‍മേടുകള്‍ കാണാനിറങ്ങിയ വയോധികനെ പശു ആക്രമിച്ചു, ഉടമയ്ക്ക് വന്‍തുക പിഴ. ഇംഗ്ലണ്ടിലെ വാര്‍വിക്ഷെയര്‍ സ്വദേശിയായ സ്റ്റീവ് ആഡംസ് എന്ന 63കാരനെയാണ് പശു ആക്രമിച്ചത്. ഫുട്പാത്തിലൂടെയുള്ള നടത്തത്തിനിടയിലാണ് വൃദ്ധനും ഭാര്യയ്ക്കും നേരെ പശുവിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇയാള്‍ ഏഴ് ദിവസമാണ് അത്യാഹിത വിഭാഗത്തില്‍ ചെലവിടേണ്ടി വന്നത്.

ഡെവോണിലെ സിഡ്ബറിയിലെ ഫാമുടമയായ ബാറി ഫൌളറിനാണ് ശിക്ഷ വിധിച്ചത്. 3500 പൌണ്ട് (ഏകദേശം 349120 രൂപ) പിഴ ഒടുക്കാനാണ് നിര്‍ദ്ദേശം. പൊതു ഇടങ്ങളില്‍ പശുവിനെ അലക്ഷ്യമായി വിട്ടതിനും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനാണ് ശിക്ഷ. ഗതാഗത മേഖലയില്‍ നിന്ന് വിരമിച്ചയാളാണ് സ്റ്റീവ്. 2021 ജൂലൈയിലാണ് ഇയാള്‍ക്കെതിരെ പശുവിന്റെ ആക്രമണം ഉണ്ടായത്. കിഴക്കന്‍ ഡെവോണിലെ മോട്ടോര്‍ ഹോം ക്യാപ്സൈറ്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു സ്റ്റീവും ജെയിനും, പുല്‍മേടിന് സമീപത്തെ പബ്ബിലേക്ക് പോവുന്നതിനിടെയായിരുന്നു സംഭവങ്ങള്‍ നടന്നത്.

ഫുട്പാത്ത് അവസാനിക്കാനായ ഇടത്ത് പുല്‍മേട്ടില്‍ നിന്ന് വേര്‍തിരിക്കാനായി വേലി ഉണ്ടായിരുന്നെങ്കിലും ഇരുപതോളം പശുക്കള്‍ക്ക് നടുവിലേക്കാണ് ദമ്പതികള്‍ നായക്കൊപ്പം നടന്ന് എത്തിയത്. കിടാവിനൊപ്പമുണ്ടായിരുന്ന ഒരു പശുവാണ് 63കാരനെ ആക്രമിച്ചത്. തലകൊണ്ടുള്ള തട്ടേറ്റ് 63കാരന്‍ തെറിച്ചുവീഴുകയായിരുന്നു. നിലത്ത് വീണ 63കാരന്‍ ഇഴഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പശു ഇയാളെ ചവിട്ടുകയും ചെയ്തു.

ആരോഗ്യ സംരക്ഷണ വിഭാഗം സംഭവത്തില്‍ പരിശോധന നടത്തിയിരുന്നു. കിടാവ് കൂടെയുണ്ടായിരുന്ന സമയത്ത് അപരിചിതരെ കണ്ടതാവാം പശുവിനെ പ്രകോപിപ്പിച്ചകതെന്നാണ് നിരീക്ഷണം. ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന നായ നിര്‍ത്താതെ കുരച്ചതാണ് 63കാരന് രക്ഷയായത്.

Top