കൊവോവാക്സ് ബൂസ്റ്റർ ഡോസ്; വിപണനാനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

ദില്ലി: കൊവോവാക്സ് ബൂസ്റ്റർ ഡോസായി നൽകാൻ വിപണനാനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസായി കൊവോവാക്സ് നൽകാനാണ് കമ്പനി ഡിസിജിഐയെ സമീപിച്ചത്. അനുമതി കിട്ടുന്ന പക്ഷം കൊവിഷീൽഡോ കൊവാക്സിനോ ആദ്യ ഡോസായി സ്വീകരിച്ചവർക്ക് കൊവോവാക്സ് ബൂസ്റ്റർ ഡോസായി സ്വീകരിക്കാനാവും.

അമേരിക്കൻ കമ്പനിയായ നോവാവാക്സ് വികസിപ്പിച്ചെടുത്ത വാക്സീനാണ് കൊവോവാക്സ് ഈ വാക്സീന് 2020-ൽ തന്നെ ലോകാരോഗ്യ സംഘടനയും യൂറോപ്യൻ മെഡിസിൻ ഏജൻസിയും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു. വാക്സീൻ ഉത്പാദനത്തിന് നോവോവാക്സുമായി പിന്നീട് സെറം ഇൻസ്റ്റിറ്റ്യൂട്ട് കരാറിലെത്തുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ 17 വയസ്സിന് താഴെ പ്രായമുള്ളവർക്ക് ഈ വാക്സീൻ നൽകുന്നുണ്ട്.

അതേസമയം വിവിധ രാജ്യങ്ങളിൽ കൊവി‍ഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പാ‍ർലമെന്റിൽ ഇരുസഭകളിലും മാസ്ക് ധരിക്കാൻ നിർദേശവുമായി അധ്യക്ഷൻമാർ. ലോക്സഭ സ്പീക്കറും രാജ്യസഭ അദ്ധ്യക്ഷനും മാസ്കണിഞ്ഞാണ് ഇന്ന് നടപടികൾ നിയന്ത്രിച്ചത്. പ്രധാനമന്ത്രിയും ഭരണപക്ഷത്തെ പല എംപിമാരും മാസ്കണിഞ്ഞാണ് സഭയിലെത്തിയത്.

എന്നാല് പ്രതിപക്ഷ അംഗങ്ങളില് ഭൂരിഭാഗം പേരും മാസ്ക് ധരിച്ചില്ല. അംഗങ്ങൾക്ക് മാസ്ക് വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സ്പീക്കർ നിർദ്ദേശം നല്കി. നിലവിലെ സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് സ്പീക്കറും രാജ്യസഭ അദ്ധ്യക്ഷനും നിർദ്ദേശിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കണം എന്ന് നിർദ്ദേശിച്ച് ആരോഗ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് പാർലമെൻറിൽ ഇതിനുള്ള നിർദ്ദേശം കർശനമാക്കുന്നത്.

Top