കോവിഡിന്റെ രണ്ടാം തരംഗം; സംസ്ഥാനങ്ങള്‍ അലംഭാവം കാട്ടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗമുക്തി നിരക്ക് താഴുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍. 96% രോഗമുക്തി ഉണ്ടായിരുന്നത് തൊണ്ണൂറ്റിയൊന്ന് ശതമാനത്തിലെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തില്‍ മരണനിരക്ക് കുറവാണന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. മഹാരാഷ്ട്ര, പഞ്ചാബ്. കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായത് ഉദാസീന മനോഭാവം മൂലമാണെന്ന് കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി.

രണ്ടാം തരംഗത്തില്‍ രാജ്യത്ത് അതിവേഗമാണ് രോഗവ്യാപനം. 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തില്‍ ഇതുവരെ രാജ്യത്ത് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇത്. ഒരു ദിവസത്തിനിടെ 780 പേര്‍ കൂടി മരിച്ചു. ആകെ ചികിത്സയിലുള്ള 9,79,608 പേരില്‍ ഇരുപത്തി മൂവായിരത്തോളം പേരുടെ നില ഗുരുതരമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ദില്ലിയിലെ എയിംസ്, രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ കൊവിഡിതര ചികിത്സ നിര്‍ത്തി വച്ചിരിക്കുകയാണ്.

 

Top