കോവിഡിന്റെ രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച മൂലമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് നിയന്ത്രണിക്കുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങള്‍ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് ഇടയാക്കിയതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. വാക്‌സിനേഷന്‍ കൂട്ടുന്നതിനൊപ്പം ജനങ്ങളെ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കണമായിരുന്നു. അതിഥി തൊഴിലാളികള്‍ വീണ്ടും പലായനത്തിന് നിര്‍ബന്ധിതരാകുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

അതേസമയം, രാജ്യത്ത് പ്രതിദിന രോഗികള്‍ ഒന്നര ലക്ഷത്തിലേക്ക് അടുത്തു. മരണ നിരക്കും ഉയരുകയാണ്. രോഗവ്യാപനം അതിരൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

രോഗവ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. രോഗബാധ ഉയരുന്ന സാഹചര്യത്തിലും വാക്‌സിന്‍ ക്ഷാമം നേരിടുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയാണ്. നിലവിലെ പശ്ചാത്തലത്തില്‍ രാജ്യത്ത് വാക്‌സിന്‍ ഉത്പാദനം കൂട്ടുമെന്ന് മരുന്ന് കമ്പനികള്‍ അറിയിച്ചു.

 

Top